ഉത്തരാഖണ്ഡ് വിവാദം: പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നു

01:36am 29/3/2106
images (2)

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭരണഘടനയുടെ 356ാം വകുപ്പ് അനുസരിച്ച് സംസ്ഥാന ഭരണകൂടം പിരിച്ചുവിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് കേന്ദ്രം വ്യക്തമാക്കേണ്ടി വരും.

കേന്ദ്രത്തിന്റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ഡി.എം.കെയും ബിജു ജനതാദള്‍ ഉള്‍പ്പെടെയുള്ള കക്ഷികളും രംഗത്തത്തെിയിരുന്നു. ബീഹാറിലെ അനുഭവത്തില്‍ ജാനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ വരാന്‍ കഴിയില്‌ളെന്ന് മനസ്സിലാക്കിയ ബി.ജെ.പി നിന്ദ്യമായ മാര്‍ഗങ്ങള്‍ തേടുകയാണെന്നും ഇത് അപലപിക്കപ്പെടേണ്ടതെന്നുമാണ് സമാജ്വാദ് പാര്‍ട്ടി നേതാവ് രാജേഷ് ദീക്ഷിത് പ്രതികരിച്ചത്. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ജനതാദള്‍ യുനൈറ്റഡ് നേതാവ് കെ.സി ത്യാഗിയും പ്രതികരിച്ചു. ജനാധിപത്യത്തിനു നേര്‍ക്കുള്ള കടന്നാക്രമണമെന്നാണ് സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും ഇതേ കുറിച്ച് പറഞ്ഞത്.

കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും വിശ്വാസവോട്ട് തേടുന്നതിന്റെ 24 മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബി.ജെ.പി നടത്തിയ നാടകീയ നീക്കം ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. ഭരണ പക്ഷത്തെ ഒമ്പത് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെയാണ് ഉത്തരാഖണ്ഡില്‍ ഭരണ പ്രതിസന്ധി ആരംഭിച്ചത്.