നവാസ് ശരീഫ് യു.എസ് സന്ദര്‍ശനം റദ്ദാക്കി

01:40pm 29/3/2016
images (3)

ഇസ്ലാമാബാദ്: ലാഹോര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് തിങ്കളാഴ്ച നടത്താനിരുന്ന യു.എസ് സന്ദശനം റദ്ദാക്കി. വാഷിങ്ടണില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ആണവ സുരക്ഷ സെമിനാറില്‍ (എന്‍.എസ്.എസ്) പങ്കെടുക്കാനാണ് അദ്ദേഹം യു.എസ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന പാക് പ്രതിനിധി തലവന്‍ താരിഖ് ഫത്മിയാണ് ഇക്കാര്യം അറിയിച്ചത്.

എന്‍.എസ്.എസ് മീറ്റിങ്ങില്‍ നവാസ് ശരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമണത്തെ തുടര്‍ന്ന് യു.കെ സന്ദര്‍ശനവും അദ്ദേഹം റദ്ദാക്കിയിരുന്നു. അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനും പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനുമാണ് അദ്ദേഹം സമയം ചെലവഴിച്ചത്.

ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ച ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ പാര്‍ക്കില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ 29 കുട്ടികളുള്‍പ്പെടെ 72 പേരാണ് കൊല്‌ളെപ്പെട്ടത്. സംഭവത്തില്‍ 233 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമണത്തിന്റെ ഉ്രത്തരവാദിത്തം തെഹ്രീകെ താലിബാനും ജമാഅത്തുല്‍ അഹറാറും ഏറ്റെടുത്തിരുന്നു.ഐ.എസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടനയാണ് ജമഅത്തുല്‍ അഹ്‌റാര്‍.