ഉത്തരാഖണ്ഡ് വിശ്വാസവോട്ട് : കോണ്‍ഗ്രസ് വിമതരുടെ അയോഗ്യത: ഹൈക്കോടതിവിധി നാളെ

09:30am 8/5/2016
download (3)
ഡറാഡൂണ്‍/നൈനിറ്റാള്‍: നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കിയ സ്പീക്കറുടെ ഉത്തരവിനെതിരേ ഒമ്പതു കോണ്‍ഗ്രസ് വിമതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിപ്രഖ്യാപനം നാളെ. രാവിലെ പത്തേകാലിനു പുറത്തുവരുന്ന കോടതിവിധി പിറ്റേന്നു നിയമസഭയില്‍ നടക്കുന്ന വിശ്വാസവോട്ടില്‍ നിര്‍ണായകമാകും.
കേന്ദ്ര സര്‍ക്കാര്‍ സമ്മതം അറിയിച്ചതോടെയാണ് ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ രാഷ്ട്രപതിഭരണം ഒഴിവാക്കി ഹരീഷ് റാവത്തിനു വിശ്വാസവോട്ട് തേടാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകന്റെ മേല്‍നോട്ടത്തിലാകും നടപടികള്‍.
എഴുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 36 അംഗങ്ങളുണ്ടായിരുന്നതില്‍ ഒമ്പതു പേരാണ് അയോഗ്യരായത്. ശേഷിക്കുന്നത് 27 പേര്‍. വിമതനായി ജയിച്ച ഒരാളടക്കം ബി.ജെ.പിക്ക് 28 പേര്‍. മൂന്നു സ്വതന്ത്രരും രണ്ടു ബി.എസ്.പിക്കാരും ഉത്തരാഖണ്ഡ് ക്രാന്തിദളിലെ ഒരാളും റാവത്ത് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ഇവര്‍ക്കു പുറമേ, ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ആര്‍.വി. ഗാര്‍ഡ്‌നര്‍ക്കു വോട്ട് ചെയ്യാം.
വിമതരുടെ അയോഗ്യത ശരിവയ്ക്കപ്പെടുന്നപക്ഷം നിയമസഭയുടെ അംഗബലം 62 ആകും. സ്പീക്കര്‍ ഒഴികെ 61 പേര്‍. വിശ്വാസവോട്ടിന് 31 പേരുടെ പിന്തുണ വേണം. വിമതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നപക്ഷം കാര്യങ്ങള്‍ സങ്കീര്‍ണമാകും. ഓരോ അംഗത്തിന്റെയും പിന്തുണ നിര്‍ണായകമായ സാഹചര്യത്തില്‍ അംഗങ്ങള്‍ക്കു വിപ്പ് നല്‍കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്.
വിശ്വാസവോട്ട് തേടാന്‍ ഹരീഷ് റാവത്തിന് അവസരം നല്‍കിക്കൂടേ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിനു കേന്ദ്ര സര്‍ക്കാര്‍ ഉടനടി സമ്മതം അറിയിച്ചത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്കയ്ക്കു വഴിയൊരുക്കിയിട്ടുണ്ട്. ചെറു പാര്‍ട്ടികളിലെ അംഗങ്ങളെയോ സ്വതന്ത്രരെയോ സ്വാധീനിക്കാന്‍ കഴിഞ്ഞതാണോ പൊടുന്നനെയുള്ള മനംമാറ്റത്തിനു കാരണമെന്നാണ് ആശങ്ക.