ഉത്തര തായ്‌ലന്റിലെ ഒരു സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപിടുത്തത്തില്‍ 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു.

01:03pm. 23/5/2016
download
ബാങ്കോക്ക്: ഉത്തര തായ്‌ലന്റിലെ ഒരു സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപിടുത്തത്തില്‍ 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. അഞ്ചിനും പതിമൂന്നിനും മധ്യേ പ്രായമുള്ളവരാണ് ദുരന്തത്തിനിരയായവര്‍. ഞായറാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. ഈ സമയം കുട്ടികള്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
ഉത്തര തായ്‌ലന്റിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള പിതക്കിയര്‍ട്ട് വിത്തയ്യ സ്‌കൂളിലാണ് ദുരന്തമുണ്ടായത്. ഈ സമയം 38 കുട്ടികള്‍ ഡോര്‍മിറ്ററിലുണ്ടായിരുന്നുവെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. രണ്ടു കുട്ടികളെ കുറിച്ച് വിവരമില്ല. അഞ്ചു പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് കേണല്‍ പ്രയാദ് സിങ്‌സിന്‍ പറഞ്ഞു.
രണ്ടു നില കെട്ടിടം പൂര്‍ണമായും തീ വിഴുങ്ങി. ഈ സമയം ഉണര്‍ന്നിരുന്ന ഏതാനും കുട്ടികള്‍ക്ക് മാത്രമേ രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളുവെന്ന് ചിയാങ് റായ് ഗവര്‍ണര്‍ അര്‍കോം സുകപന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നും തിരിച്ചറിയാന്‍ ശ്രമം തുടരുകയാണെന്നും ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കാണാതായ കുട്ടികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.