ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ല: ശിവ്പാൽ യാദവ്

02.53 Am 29/10/2016
shivpal-yadav
ഗാസിയാബാദ്: ഉത്തർപ്രദേശിൽ യാദവ രാഷ്ര്‌ടീയപോര് കനക്കുന്നതിനിടെ മുഖ്യമന്ത്രിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന തുറന്നു പറച്ചിലുമായി സമാജ് വാദി പാർട്ടി സംസ്‌ഥാന അധ്യക്ഷനും മുലായംസിംഗ് യാദവിന്റെ അനുജനുമായ ശിവ്പാൽ യാദവ്. മുലായത്തിന്റെ ആജ്‌ഞാനുവർത്തിയാകാൻ മാത്രമാണ് തന്റെ ആഗ്രഹമെന്നും അതനുസരിച്ചേ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ എന്നും ശിവ്പാൽ പറഞ്ഞു.

മുഖ്യമന്ത്രിയാകണമായിരുന്നെങ്കിൽ 2003ൽതന്നെ അതുസാധിക്കുമായിരുന്നു. എന്നാൽ, അന്ന് മുലായത്തെ പിന്താങ്ങുകയാണ് ചെയ്തത്. സംസ്‌ഥാന അധ്യക്ഷൻ ആയാലും അല്ലെങ്കിലും മുലായത്തിന്റെ അനുസരണയുള്ള ഭടനാകാനാണ് ഇഷ്‌ടമെന്നും ശിവ്പാൽ യാദവ് പറഞ്ഞു.

മുലായത്തിന്റെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായുള്ള അധികാര വടംവലിയെത്തുടർന്ന് ശിവ്പാൽ യാദവ് അടക്കം നാല് മന്ത്രിമാരെ ഉത്തർപ്രദേശ് മന്ത്രിസഭയിൽനിന്ന് അഖിലേഷ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.