ഉപതെരഞ്ഞെടുപ്പ്: സ്‌ഥാനാർഥികൾക്ക് ജയലളിതയുടെ വിരലടയാളം മാത്രം

02.39 AM 29/10/2016
jaya_2810
ചെന്നൈ: തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി എഡിഎംകെ സ്‌ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയിൽ മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം മാത്രം. മൂന്നു സ്‌ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. അരുവാക്കുറിച്ചി, തഞ്ചാവൂർ, തിരുപ്പരകുന്ദ്രം എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ചട്ടപ്രകാരം അംഗീകൃത പാർട്ടികളുടെ അംഗങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി തലവന്റെ ഒപ്പ് നാമനിർദേശപത്രികയിൽ സമർപ്പിക്കേണ്ടത് നിർബന്ധമാണ്. രണ്ട് ഫോമുകളാണ് സ്‌ഥാനാർഥികൾ പൂരിപ്പിച്ച് നൽകേണ്ടത്. പാർട്ടി ചിഹ്നം അനുവദിക്കാനായി ആദ്യത്തെ ഫോം പൂരിപ്പിച്ച് നൽകേണ്ടത് പാർട്ടി തലവനാണ്. ആദ്യത്തെ ഫോമിൽ നാല് സ്‌ഥലത്ത് പാർട്ടി മേധാവി ഒപ്പിടണം. തന്റെ പാർട്ടിയുടെ അംഗമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനായി രണ്ടാമത്തെ ഫോമിൽ ഒരു സ്‌ഥലത്തും ഒപ്പിടണം. എന്നാൽ ഈ സ്‌ഥലങ്ങളിലെല്ലാം ജയലളിത വിരലടയാളം പതിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

എന്നാൽ പാർട്ടി നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത ആശുപത്രിയിൽ കഴിയുന്നതിനാലാണ് കൈവിരലടയാളം പതിച്ച പത്രിക സമർപ്പിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നു. സെപ്റ്റംബർ 22നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.