ഗോഹട്ടിയിൽ വിക്കറ്റ് മഴ; ഹിമാചൽ 36ന് പുറത്ത്

02.38 Am 29/10/2016
rishi_2810
ഗോഹട്ടി: ഹിമാചൽ പ്രദേശും ഹൈദരാബാദും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാംദിനം കൂട്ടത്തകർച്ച. ആദ്യം ബാറ്റുചെയ്ത ഹിമാചൽ വെറും 36 റൺസിന് ഓൾഔട്ടായപ്പോൾ രണ്ടാമത് ബാറ്റു ചെയ്ത ഹൈദരാബാദും കൂട്ടത്തകർച്ചയെ നേരിട്ടു. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 99/7 എന്ന നിലയിലാണ് അവർ. 17 വിക്കറ്റുകളാണ് ഒന്നാം ദിനം വീണത്.

ആദ്യം ബാറ്റു ചെയ്ത ഹിമാചൽ നിരയിൽ ആർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. 9 റൺസ് നേടിയ റിഷി ധവാനാണ് ഹിമാചൽ ടോപ് സ്കോറർ. അഞ്ചുപേർക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. ഹൈദരാബാദിനായി ആകാശ് ഭണ്ഡാരി റൺസൊന്നും വിട്ടുകൊടുക്കാതെ നാലു വിക്കറ്റ് നേടി. രവി കിരൺ മൂന്നും മിലിന്ദ് രണ്ടും വിക്കറ്റ് നേടി ഹിമാചൽ തകർച്ചയ്ക്ക് ആക്കംകൂട്ടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദും കൂട്ടത്തകർച്ചയെ നേരിട്ടു. ആറു വിക്കറ്റ് വീഴ്ത്തിയ റിഷി ധവാനാണ് ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്. 44 റൺസുമായി പുറത്താകാതെ നിൽക്കുന്ന ബി.അനിരുദ്ധിലാണ് ഇനി ഹൈദരാബാദിന്റെ പ്രതീക്ഷ.