ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം ഭീകരർ വികൃതമാക്കി

02.38 Am 29/10/2016\
kashmir_2810
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം വികൃതമാക്കി. സൈനിക വക്‌താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

കുപ്വാരയിലെ മച്ചിലിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൈനികനെ ഭീകരർ പിടികൂടിയത്. പിന്നീട് ഇദ്ദേഹത്തെ കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കി നിയന്ത്രണരേഖയിൽ ഉപേക്ഷിച്ചു. തുടർന്ന് ഭീകരർ പാക്കിസ്‌ഥാനിലേക്കു കടന്നു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടതായി സൈനിക വക്‌താവ് അറിയിച്ചു. നിയന്ത്രരേഖ മറികടന്ന് പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തിൽ രണ്ടു സിവിലിയൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്.

നേരത്തെ, പാക്കിസ്‌ഥാൻ നടത്തിയ ആക്രമണത്തിന് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയതായും 15 പാക് സൈനികരെ വധിച്ചതായും ബിഎസ്എഫ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ അവകാശവാദങ്ങൾ പാക്കിസ്‌ഥാൻ നിഷേധിച്ചു.