ഉപ്പുക്ഷാമമെന്ന് അഭ്യൂഹം; കിലോയ്ക്ക് 400 രൂപ വരെ

07:19 am 12/11/2016

Newsimg1_94528896

ന്യൂഡല്‍ഹി: ക്ഷാമം നേരിട്ടതായി അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ഉപ്പുവാങ്ങാന്‍ ജനങ്ങളുടെ നെട്ടോട്ടം. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിന്റെയും ഡല്‍ഹിയിലേയും ചില ഭാഗങ്ങളിലാണ് അഭ്യൂഹം പടര്‍ന്നത്. ആളുകള്‍ കൂട്ടത്തോടെ ഉപ്പുവാങ്ങാന്‍ ഇറങ്ങിയതോടെ വില കുതിച്ചുകയറി. ചില സ്ഥലങ്ങളില്‍ ഒരു കിലോ ഉപ്പിന് 400 രൂപവരെയായി. ഇതോടെ ലക്‌നോവിലെ മൊത്തക്കച്ചവട സ്ഥാപനങ്ങള്‍ അധികൃതര്‍ അടപ്പിച്ചു. ഉപ്പിനും അവശ്യ സാധനങ്ങള്‍ക്കും ക്ഷാമമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അഭ്യൂഹം പ്രചരിക്കാന്‍ ആരംഭിച്ചത്. ഉപ്പുവാങ്ങാന്‍ ഇറങ്ങിയവരെ നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കേണ്ടിവന്നു. കിഴക്കന്‍ യുപിയിലെ കാണ്‍പുര്‍, ഇറ്റ, ലാകിംപുര്‍, സിതാപുര്‍, മിര്‍സാപുര്‍, ഫത്തേപുര്‍ എന്നിവിടങ്ങളിലാണ് അഭ്യൂഹം പടര്‍ന്നുപിടിച്ചത്. അവിശ്യ സാധനങ്ങള്‍ ക്ഷാമം ഇല്ലെന്ന് ലക്‌നോ ജില്ലാ കളക്ടര്‍ സത്യേന്ദ്ര സിംഗ് അറിയിച്ചു. അഭ്യൂഹം പടര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഉപ്പ് ആവിശ്യാനുസരണം വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് സിവില്‍ സപ്ലൈസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കരിഞ്ചന്തക്കാര്‍ക്കും അഭ്യൂഹം പടര്‍ത്തിയവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.