ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് അന്തരിച്ചു

12.30 PM 02-09-2016
karimov_0209
ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് (78) അന്തരിച്ചു. മരണം ഉസ്ബക്ക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്ന് ആറു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കരിമോവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നുതന്നെ കരിമോവ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്്ടായിരുന്നെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല.
1991ല്‍ സോവിയറ്റ് യൂണിയനില്‍നിന്നു സ്വതന്ത്രമായപ്പോള്‍ മുതല്‍ 27 വര്‍ഷമായി ഇസ്‌ലാം കരിമോവാണു ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ്. എന്നാല്‍ ഇദ്ദേഹത്തിന്റെ കാലശേഷം അടുത്ത ഭരണാധികാരിയെ സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പിന്‍ഗാമിയാകുമെന്നു കരുതപ്പെട്ടിരുന്ന മൂത്ത മകള്‍ ഗുല്‍നാറ 2014 മുതല്‍ വീട്ടുതടങ്കലിലാണ്. ട്വിറ്ററിലൂടെ ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും വിമര്‍ശിച്ചതിന്റെ പേരിലാണ് ഇവരെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
കരിമോവിന്റെ സംസ്‌കാരം ശനിയാഴ്ച നടക്കും. രാജ്യത്ത് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.