എണ്ണ ഉൽപാദനം; വിയന്നയിലെ യോഗം തീരുമാനമാകാതെ പിരിഞ്ഞു

02.38 AM 31/10/2016
Saudi_Oil_760x400
എണ്ണ ഉൽപാദനം കുറക്കുന്നതിന് ഓരോ രാജ്യങ്ങളുടെയും വിഹിതം തീരുമാനിക്കാൻ വിയന്നയിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഉൽപാദന നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഇറാനും ഇറാഖും ആവശ്യപ്പെട്ടതോടെയാണ് ചർച്ചപൊളിഞ്ഞത്. അടുത്ത മാസം 25 നു വീണ്ടും യോഗം ചേരും.
എണ്ണ ഉൽപാദനം കുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ ചർച്ചകളിൽ ഒപെക്-ഒപെക് ഇതര രാജ്യങ്ങൾ പങ്കെടുത്തിരുന്നു. ഒപെകിന്റെ പ്രതിദിന ഉത്പാദനം 3.25 മുതൽ 3.3 കോടി ബാരലിലേക്കു ചുരുക്കാനായിരുന്നു കഴിഞ്ഞ മാസം അൾജീരിയയിൽ ചേർന്ന യോഗം തീരുമാനിച്ചത്. ഓരോ രാജ്യവും എത്ര വീതം ഉത്പാദനം കുറയ്ക്കുമെന്ന കാര്യം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യോഗത്തിൽ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു.
നാല് ശതമാനം ഉൽപാദനം കുറക്കാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം സൗദി അറേബ്യയും മറ്റ് ഗൾഫ് രാജ്യങ്ങളും റഷ്യയുമായി നടത്തിയ ചർച്ചയിൽ സൂചിപ്പിച്ചിരുന്നെങ്കിലും വിയന്നയിൽ ഇത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഉൽപാദന നിയന്ത്രണം സംബന്ധിച്ച ഇറാന്റെയും ഇറാഖിൻറെയും കടുംപിടുത്തമാണ് തീരുമാനത്തിന് തിരിച്ചടിയായത്. ഐ.എസുമായി യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇളവ് അനുവദിക്കണമെന്ന് ഇറാഖ് എണ്ണ കാര്യ മന്ത്രി വിയന്ന യോഗത്തിനു മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ഉൽപാദന നിയന്ത്രണത്തിൽ അൾജീരിയൻ യോഗത്തി അനുകൂല നിലപാട് സ്വീകരിച്ച ഇറാനും വിയന്നയിൽ നിലപാട് മാറ്റുകയായിരുന്നു.
ഉപരോധം മൂലം നഷ്ടപ്പെട്ട വിപണി തിരിച്ചു പിടിക്കുന്നതിനിടെ ഉൽപാദന നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന നിലപാടാണ് ഇറാൻ വിയന്നയിൽ സ്വീകരിച്ചത്. ഒപെക് തീരുമാനം പാളുമെന്ന ധാരണ പരന്നതോടെ എണ്ണ വില വീണ്ടും താഴേക്കു പോകുമെന്നാണ് സൂചന. നവംബർ 30 നു അടുത്ത ഒപെക് യോഗം ചേരുന്നതിനു മുന്നോടിയായി ഈ വിഷയത്തിൽ വീണ്ടും ചർച്ചകൾ നടത്തി ധാരണയിലെത്താനാണ് തീരുമാനം. നവംബർ 17 നു ദോഹയിൽ ചേരുന്ന പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ ഫോറത്തിലും ഈ വിഷയത്തിൽ ഒപെക് അനൗദ്യോഗിക ചർച്ചകൾ നടത്തും