എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സ്ഥാനത്തേക്ക് ഗോപിനാഥകുറുപ്പ് സ്ഥാനാര്‍ഥി

11:38am 4/8/2016

വിജയകുമാര്‍ ന്യൂയോര്‍ക്ക്
Newsimg1_42331340 (1)
ന്യു യോര്‍ക്ക്: അമേരിക്കയിലെ എന്‍.എസ്.എസിന്റെ ആരംഭകാലാ നേതാക്കളിലൊരാളായ ഗോപിനാഥക്കുറുപ്പ് പ്രസിഡന്റായി നായര്‍ സംഗമം 2018ല്‍ നടത്താന്‍ ന്യൂയോര്‍ക്ക് തയ്യാറെടുക്കുന്നു.
2010ല്‍ അമേരിക്കയിലും കാനഡയിലുമുള്ള ഏഴ് നായര്‍ സംഘടനകളെ ഒരുമിച്ചുകൂട്ടി ന്യൂയോര്‍ക്കില്‍ ആരംഭിച്ച എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് ദൈ്വവാര്‍ഷിക കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ ഈ മാസം 12, 13, 14 തീയതികളില്‍ നടത്തപ്പെടുവാനിരിക്കെയാണ് ഗോപിനാഥക്കുറുപ്പ് നേത്രുത്വത്തിലേക്കു വരണമെന്ന ആവാശ്യമുയര്‍ന്നത്.
കണ്‍ വന്‍ഷനില്‍ ന്യൂയോര്‍ക്കില്‍ നിന്നും ഒട്ടേറെകുടുംബങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കോചെയര്‍മാന്‍ ഗോപിനാഥക്കുറുപ്പിന്റേയും റജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ജി.കെ.നായരുടേയും നേതൃത്വത്തില്‍ പുരോഗമിയ്ക്കുന്നു.
ഗോപിനാഥക്കുറുപ്പ് പ്രസിഡന്റായി അടുത്ത കണ്‍വന്‍ഷന്‍ 2018ല്‍ ന്യൂയോര്‍ക്കില്‍ നടത്തുവാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. ന്യൂയോര്‍ക്കിലുള്ള നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഗോപിനാഥക്കുറുപ്പിന് വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി അമേരിക്കയില്‍ സാംസ്‌ക്കാരിക സാമൂഹിക, സാമുദായിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുറുപ്പിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുവാനും വിജയകരമായ നായര്‍ സംഗമം 2018ല്‍ ന്യൂയോര്‍ക്കില്‍ നടത്തുവാനും കഴിയുമെന്നും വിവിധ സംഘടനാ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
ഇന്‍ഡോ അമേരിക്കന്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ്, ഹഡ്‌സന്‍വാലി മലയാളിഅസ്സോസിയേഷന്‍ പ്രസിഡന്റ്, നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ്, അയപ്പ സേവാസംഘം ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗോപിനാഥക്കുറുപ്പ് ഇപ്പോള്‍ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ളാഡ് കൗണ്ടിയുടെ പ്രസിഡന്റാണ്.

ചിക്കാഗോയില്‍ നടന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ കണ്‍വന്‍ഷനില്‍ ശ്രീ.ശ്രീ. രവിശങ്കര്‍ ഉദ്‌ബോധിപ്പിച്ചത് ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനുവേണ്ടി എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി., പോലുള്ള സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും എല്ലാ സംഘടനകളും തനതായ വ്യക്തിത്വംനിലനിര്‍ത്തിക്കൊണ്ട് ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നുമാണ്.
എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനം കെ.എച്ച്.എന്‍.എ. പോലുള്ള ഹൈന്ദവ ഐക്യ പ്രസ്ഥാനത്തിന് ശക്തി പകരുന്ന രീതിയില്‍ആയിരിക്കുമെന്നും തനതായ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ട് വിജയകരമായി പ്രവര്‍ത്തിക്കുമെന്നും കുറുപ്പ് അഭിപ്രായപ്പെട്ടു.

2010 ല്‍ ഗോപിനാഥക്കുറുപ്പ് എന്‍.ബി.എ.യുടെ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മാര്‍ച്ച് 27 ന് ന്യൂയോര്‍ക്കില്‍ വേള്‍ഡ് ഫെയര്‍ മെറീന ആഡിറ്റോറിയത്തില്‍ അമേരിക്കയിലും കാനഡയിലുമുള്ള 7 നായര്‍ സംഘടനാ പ്രതിനിധികള്‍ കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രവര്‍ത്തനം ആരംഭിച്ചത്.

2011 ഏപ്രില്‍ ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഏകദിന കണ്‍വന്‍ഷനില്‍ ഗോപിനാഥക്കുറുപ്പ് കണ്‍വീനര്‍ ആയി പ്രവര്‍ത്തിയ്ക്കുകയും അന്ന് ശ്രീ മന്മഥന്‍ നായര്‍ അവതരിപ്പിച്ച ബൈലോ യോഗം ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു.

ആദ്യ പ്രസിഡന്റായി ശ്രീ മന്മഥന്‍ നായര്‍(ഡാലസ്സ്) വൈസ്പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് (ന്യൂയോര്‍ക്ക്) ,ജനറല്‍ സെക്രട്ടറി അജിത് നായര്‍ (ഹൂസ്റ്റന്‍), ട്രഷറര്‍ സജി നായര്‍ (ഡാലസ്സ്) എന്നിവരടങ്ങുന്ന 25 അംഗകമ്മറ്റിയും, ഡോ.എ.കെ.ബി. പിള്ള, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, ജി.കെ.നായര്‍ കോചെയര്‍മാന്‍ അപ്പുക്കുട്ടന്‍ നായര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ റിവ്യൂ കമ്മറ്റി ചെയര്‍മാന്‍ എന്നിവരടങ്ങുന്നതായിരുന്നുഎന്‍.എസ്.എസ്.ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്യത്തെ ടീം.

2012ല്‍ ഡാലസ്സില്‍ ആദ്യ നായര്‍ സംഗമം ശ്രീ. മന്മഥന്‍ നായരുടെ നേതൃത്വത്തില്‍ വിജയകരമായി നടന്നു.
നമ്മുടെ അടുത്ത തലമുറയ്ക്ക് തനതായ സംസ്‌ക്കാരവും, ഭാരതീയ പൈതൃകവും കൈമാറിക്കൊണ്ട് അവരെ സമൂഹത്തിനും രാഷ്ട്രത്തിനും ഉതകുന്ന ഉത്തമ പൗരന്മാരായി വളര്‍ത്തിയെടുക്കുകയെന്നതാണ് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കുറുപ്പ് കൂട്ടിചേര്‍ത്തു.

ഗോപിനാഥക്കുറുപ്പിന്റെ നേതൃത്വത്തില്‍ ചെറുപ്പക്കാരായ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു പുതിയ ടീം തന്നെ 2018ലെ ന്യൂയോര്‍ക്ക് നായര്‍ സംഗമത്തിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് സുസജ്ജമായി കഴിഞ്ഞു.