ബൈക്ക് അപകടത്തില്‍ ഫാ. ജോഫി പുതുവ (50) അന്തരിച്ചു

Newsimg1_13111633
തുരുത്തി: എംസി റോഡില്‍ തുരുത്തി പുന്നമൂടിനു സമീപം നിയന്ത്രണം വിട്ട മിനി ടിപ്പര്‍ പിക്കപ്പ് വാനിലിടിച്ചു മറിഞ്ഞ ടിപ്പറില്‍നിന്നു വീണ പാറപ്പൊടിക്കടിയില്‍പ്പെട്ടു ബൈക്ക് യാത്രികനായ വൈദികന്‍ മരിച്ചു. .

സലേഷ്യന്‍ സഭയുടെ നേതൃത്വത്തിലുള്ള കുറിച്ചി ഡോണ്‍ ബോസ്‌കോ സെമിനാരിയുടെ ഡയറക്ടര്‍ ഫാ. ജോഫി പുതുവ (50) ആണ് മരിച്ചത്. ഫാ. ജോഫിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഡോണ്‍ബോസ്‌കോ സെമിനാരി വിദ്യാര്‍ഥി നേമം സ്വദേശി പനയില്‍ റിജോ (15), വഴിയാത്രക്കാരി കൈനടി മുപ്പതില്‍ച്ചിറ സൂസമ്മ (60), ടിപ്പര്‍ ഡ്രൈവര്‍ ഇത്തിത്താനം പുത്തന്‍പറമ്പില്‍ അനില്‍കുമാര്‍ (41), പിക്കപ്പ് വാന്‍ ഡ്രൈവര്‍ കുറിച്ചി ചിറക്കടവില്‍ ജോജി (47) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.10നാണ് അപകടം.

കുറിച്ചി ഭാഗത്തുനിന്നു പാറപ്പൊടി കയറ്റിവന്ന മിനി ടിപ്പര്‍ നിയന്ത്രണം വിട്ട് ചങ്ങനാശേരി ഭാഗത്തുനിന്നു വരികയായിരുന്ന പിക്കപ്പ് വാനിലിടിച്ച് മറിയുകയായിരുന്നു. ചങ്ങനാശേരിയില്‍നിന്നു ബൈക്കില്‍ കുറിച്ചിയിലേക്കു പോകുകയായിരുന്ന ഫാ. ജോഫിയും ഒപ്പമുണ്ടായിരുന്ന റിജോയും മറിഞ്ഞ ടിപ്പറിനടിയില്‍പ്പെട്ടു. നിലത്തുവീണ ഇരുവരുടേയും മുകളിലേക്കു ടിപ്പറിലുണ്ടായിരുന്ന മുഴുവന്‍ പാറപ്പൊടിയും വീണു. പാറപ്പൊടിക്കടിയില്‍ അകപ്പെട്ട ഫാ. ജോഫിയേയും റിജോയെയും നാട്ടുകാര്‍ ചേര്‍ന്നു പുറത്തെടുത്തു. ഫാ. ജോഫിയേയും പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ജോജിയേയും അപകടത്തില്‍പ്പെട്ട് ഓടയിലേക്ക് തെറിച്ചുവീണ സൂസമ്മയെയും നാട്ടുകാര്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു കോട്ടയം കാരിത്താസ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴോടെ മരിച്ചു. മൃതദേഹം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട്.

വൈപ്പിന്‍ നായരമ്പലം പുതുവ പരേതരായ പൗലോസ്-മറിയം ദമ്പതികളുടെ മകനാണ് ഫാ. ജോഫി. സഹോദരങ്ങള്‍: കുഞ്ഞച്ചന്‍, ടോമി, ജോണ്‍സണ്‍, ജോജന്‍, ഷിബു, ആലിസ്, മേഴ്‌സി, മോള്‍സി. ­