എല്ലാ മലയാളികള്‍ക്കും നായര്‍ മഹാമണ്ഡലത്തിന്റെയും നാമത്തിന്റെയും കേരളപ്പിറവി ആശംസകള്‍

09:37 am 4/11/2016
മാധവന്‍ ബി നായര്‍
Newsimg1_10905104
കേരളം അറുപതാണ്ടുകള്‍ പിന്നിടുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ലോക മലയാളി സമൂഹത്തിനു നായര്‍ മഹാമണ്ഡലത്തിന്റെയും,നാമത്തിന്റെയും ഊഷ്മളമായ ആശംസകള്‍ അറിയിക്കുന്നതായി ഈ രണ്ടു സംഘടനകളുടെയും സ്ഥാപകനായ മാധവന്‍ ബി നായര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ടശേഷം കേരളം അറുപത്തിലെത്തുമ്പോള്‍ കേരളത്തിന്റെ ചരിത്രവും ഐതീഹ്യവും നാം ഓര്‍ക്കണം.

മഹാഭാരതത്തില്‍ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ ദ്രമിഡം, കേരളം, കര്‍ണാടകം മുതലായ നാമങ്ങള്‍ വരുന്നു. അതിനാല്‍ വ്യാസന്‍ ഭാരതമെഴുതിയ കാലഘട്ടത്തില്‍ കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തില്‍ ആദിപര്‍വം 175ആം അധ്യായത്തിലും, സഭാപര്‍വം 31ആം അധ്യായത്തിലും, വനപര്‍വം 254ആം അധ്യായത്തിലും, ദ്രോണപര്‍വം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. രുക്മിണീസ്വയംവരത്തില്‍ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദര്‍ഭ രാജധാനിയില്‍ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തില്‍ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്‌നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്.കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുമ്പ് 272നും 232നും ഇടയില്‍ മദ്ധ്യേന്ത്യയില്‍ അശോകചക്രവര്‍ത്തി സ്ഥാപിച്ച ഒരു ശിലാഫലകത്തില്‍ (രണ്ടാം ശിലാശാസനം) നിന്നാണ് ലഭിച്ചിരിക്കുന്നത്. കേരളരാജാവിന്റെ പേര് അശോകശാസനത്തില്‍ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമര്‍ശിക്കപ്പെടുന്നത് കേരളമാണെന്ന് അനുമാനിക്കപ്പെടുന്നു.

പത്താം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാര്‍ വളര്‍ന്നു വന്നു. ഇവരുടെ അധികാരവടംവലികള്‍ക്കും ബലപരീക്ഷണങ്ങള്‍ക്കുമൊടുവില്‍ ആത്യന്തികമായി, പതിനെട്ടാംനൂറ്റാണ്ടോടെ. സാമൂതിരി, കൊച്ചി രാജാവ്, തിരുവിതാംകൂര്‍ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങള്‍ നിലവില്‍ വന്നു. വടക്ക് ചിറക്കല്‍, കോലത്തിരി, തുടങ്ങിയ രാജവംശങ്ങളും അറക്കല്‍ ബീവിയും ചെറിയ പ്രദേശങ്ങളില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തിപ്പോന്നു. തുടര്‍ന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്. ബ്രിട്ടീഷുകാര്‍ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങള്‍ മുഴുവന്‍ ബ്രിട്ടീഷ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങള്‍ക്ക് കീഴിലായി.പോര്‍ച്ചുഗീസ് സഞ്ചാരിയായ വാസ്‌കോ ഡ ഗാമ 1498ല്‍ കേരളത്തില്‍ എത്തിയത് കേരളത്തില്‍ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ അറബികളുടെ മേല്‍ക്കോയ്മ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാര്‍ അറബികളായിരുന്നു.

ഏതായാലും കേരളത്തിന്റെ കടല്‍മുഖങ്ങള്‍ യൂറോപ്യന്‍ വ്യാപാരികള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പുതിയ അദ്ധ്യായം തുറക്കുകയായി. ബ്രിട്ടീഷുകാര്‍ കേരളത്തില്‍ സ്വാധീനമുറപ്പിച്ചതുമുതല്‍ കേരളം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാര്‍ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കന്‍മാരിലൂടെയായിരുന്നു ഭരണം.

1947ല്‍ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. ഇതേത്തുടര്‍ന്ന്, 1956 നവംബര്‍ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.ഭാഷാടിസ്ഥാനത്തില്‍ കേരളം സൃഷ്ടിക്കപ്പെടുമ്പോളും കേരളത്തിന് ബ്രഹത്തായ ഒരു സംസ്കാരം ഉണ്ടായിരുന്നു നാം മനസിലാക്കുന്നു.അത് നമുക്ക് നമ്മുടെ പൂര്‍വികന്മാരും,നമ്മുടെ പാരമ്പര്യവും നമുക്ക് സമ്മാനിച്ചതാണ് .അതുകൊണ്ട് നമുക്ക് ഈ പാരമ്പര്യം സമ്മാനിച്ച ഋഷിവര്യന്മാര്‍ ,സാമൂഹ്യ പരിഷ്കര്‍ത്താക്കളായ ചട്ടമ്പി സ്വാമികള്‍,ശ്രീനാരായണ ഗുരു ,മന്നത്തു പത്മനാഭന്‍ ,തുടങ്ങി നിരവധി മഹാരഥന്മാരെ ഇപ്പോള്‍ നാം സ്മരിക്കേണ്ടതുണ്ട്.

1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്.

വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഉയര്‍ന്ന സാക്ഷരതയാണ് അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കാണ്.

സ്വതന്ത്ര ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപം കൊണ്ടിട്ട്60 വര്‍ഷം. കേരളപ്പിറവി. മലയാളത്തിന്റെ മണ്ണില്‍ ഭാഷയുടെ വ്യക്തിത്വം ശക്തമായി രൂപം കൊണ്ടതിന്റെ സ്മരണയിലാണ് കേരളപ്പിറവി ദിനം ആഘോഷിക്കപ്പെടുന്നത്.

1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ പടിയിറങ്ങിയതോടെയാണ്‌ഐക്യകേരളം എന്ന ആശയം കൂടുതല്‍ ശക്തിപ്പെടുന്നത്. സ്വാതന്ത്രത്തിനുശേഷം ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാന്‍ ഭാരത സര്‍ക്കാര്‍ തീരുമാനിച്ചു.

1956 നവംബര്‍ ഒന്നിന് ശേഷിച്ച തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മലബാര്‍ പ്രസിഡന്‍സിയിലെ മലബാര്‍ ഭാഗങ്ങളും ചേര്‍ന്ന് ഐക്യകേരളം രൂപീകൃതമായി. തിരുവതാംകൂറിലെ തോവാള, അഗസ്ത്വീശരം, വിളവന്‍കോട് എന്നിവ മദ്രാസിന്‍റെ ഭാഗമായി.

1957 ഫെബ്രുവരിയില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇഎംഎസ് കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായി. അന്നുതൊട്ട് ഇങ്ങോട്ട് നിരവധി രാഷ്ട്രിയ സമവാക്യങ്ങള്‍ക്ക് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. സാമൂഹികമായും സാംസ്കാരികമായും വിദ്യാഭ്യാസ രംഗത്തും കേരളം നടത്തിയ രാജ്യത്തിന് തന്നെ മാതൃകയാണ്.

ഈ മാതൃകയാണ് നമ്മെ ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും വളരുവാന്‍ സഹായിക്കുന്ന ഘടകം.കേരളത്തിന് പുറത്തേക്കു മലയാളി കടന്നു തുടങ്ങിയതുമുതല്‍ പ്രവാസി മലയാളി എന്ന അപര നാമം കൂടി ലഭിച്ചത് ഒരു ക്രെഡിറ്റുകൂടിയാണ്.കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന സ്‌ത്രോതസായി പ്രവാസി മാറിയിട്ടുണ്ട്.അതില്‍ അമേരിക്കന്‍ മലയാളികളുടെ പങ്കും വലുതാണ്.കേരളം വിട്ടു ലോകത്തിന്റെ ഏതുകോണുകളിലേക്കും മൈഗ്രെറ്റ് ചെയ്താലും മലയാളിക്ക് കേരളപ്പിറവി ഒരു അനുഭവം തന്നെയാണ്.കേരളത്തിന്റെ അറുപതാം വാര്‍ഷികാഘോഷം നടത്തുന്ന കേരളാ സര്‍ക്കാരിനും,കേരളപ്പിറവി ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും നാമത്തിന്റെയും,നായര്‍ മഹാമണ്ഢലത്തിന്റെയും ആശംസകള്‍ അറിയിക്കുന്നു.