ഏകീകൃത സിവില്‍ കോഡ്; കേന്ദ്ര സര്‍ക്കാര്‍ ലോ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി

12.54 AM 03-07-2016
2016july02story
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ലോ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി. ഏറെ വിവാദങ്ങള്‍ക്കു വഴി തെളിക്കുന്ന നടപടിയിലേക്കാണു ബിജെപി സര്‍ക്കാര്‍ നീങ്ങിയിരിക്കുന്നത്. ഇതാദ്യമായാണു കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ലോ കമ്മീഷന്റെ അഭിപ്രായം തേടിയത്. ദേശീയ താത്പര്യമെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടതുണ്ടെന്നായിരുന്നു മുമ്പ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചു കേന്ദ്ര നിയമമന്ത്രി ഡി. സദാനന്ദ ഗൗഡയും പ്രതികരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തു ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവില്‍ കോഡ്.

കേന്ദ്ര നിയമമന്ത്രാലയം ലോ കമ്മീഷനോട് ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ടാണ് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു നിലവിലുള്ള എല്ലാ കേസുകളുടെ വിവരങ്ങളും മറ്റു ഫയലുകളും നിയമ മന്ത്രാലയം ലോ കമ്മീഷന് അയച്ചു കൊടുത്തിട്ടുണ്ട്. രാജ്യത്തെ നിയമപരിഷ്‌കാരങ്ങള്‍ക്കുള്ള ഉപദേശം നല്‍കുന്ന നിര്‍ണായക സമിതിയാണ് ലോ കമ്മീഷന്‍. സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റീസ് ബല്‍ബീര്‍ സിംഗ് ചൗഹാനാണ് ഇപ്പോള്‍ ലോ കമ്മീഷന്‍ അധ്യക്ഷന്‍. ഏറെ വൈകാതെ ഇദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു വിവരം. രാജ്യത്തെ വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഏകീകൃത സിവില്‍കോഡ്. നിലവില്‍ രാജ്യത്ത് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രത്യേക വ്യക്തി നിയമങ്ങളാണുള്ളത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പൈതൃകാവകാശം തുടങ്ങിയവയാണ് വ്യക്തി നിയമത്തിന്റെ പരിധിയില്‍ വരിക. ഇത് ഏകീകരിക്കണമെന്ന വാദമാണ് പതിറ്റാണ്ടുകളായി ആര്‍എസ്എസും ഹിന്ദു സംഘടനകളും ഉന്നയിക്കുന്നത്. ബിജെപിയും ഈ വാദം ശക്തമായി ഉന്നയിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനോട് കോണ്‍ഗ്രസ് നേരത്തേ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന വാദം ആദ്യം ഉയരുന്നത് 1840ലാണ്. പിന്നീട് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലും ഹിന്ദു സംഘടനകള്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷവും ഹിന്ദു സംഘടനകള്‍ ശക്തമായ വാദം മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയമായ ഒരു സമവായത്തിലെത്താന്‍ കേന്ദ്രസര്‍ക്കാരുകള്‍ക്കു സധിച്ചിരുന്നില്ല.

വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ഈ നീക്കം ഉണ്ടായില്ല. നിലവിലെ ലോക്‌സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്കു തന്നെ വന്‍ ഭൂരിപക്ഷമുണ്ടെന്നതിനാലാണ് ഇത്തവണ മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ക്കു തുടക്കമിടുന്നത്.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നു സുപ്രീംകോടതിയും പലതവണ ആവശ്യപ്പെട്ടിരുന്നു. 1985ല്‍ സുപ്രീംകോടതിയിലെത്തിയ ഷാ ബാനു കേസിനെ തുടര്‍ന്നാണ് ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് രാഷ്ട്രീയ വിഷയമായി മാറുന്നത്. ഈ കേസിന്റെ വിധിയില്‍ ഏകീകൃത സിവില്‍ കോഡ് വേണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, അക്കാലത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇതിനെ മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടു വരികയായിരുന്നു. 1995ല്‍ സരള മുദ്ഗല്‍ കേസിലും 2000ത്തില്‍ ലില്ലി തോമസ് കേസിലും ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കേണ്ടതു സംബന്ധിച്ചു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.