ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ഫൈനലിൽ ഇന്ത്യക്ക് എതിരാളി പാക്കിസ്‌ഥാൻ

01.26 AM 30/10/2016
pak_hockey_291016
കുവന്താൻ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയുടെ എതിരാളി പാക്കിസ്‌ഥാൻ. രണ്ടാം സെമിയിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് പാക്കിസ്‌ഥാൻ ഫൈനലിലെത്തിയത്. ഇന്ത്യയുടെ അതേ വഴിയിൽ ഷൂട്ടൗട്ടിൽ എതിരാളികളെ വീഴ്ത്തിയാണ് പാക്കിസ്‌ഥാന്റെയും വരവ്. ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പാക്കിസ്‌ഥാൻ ജയിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 1–1 ൽ സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്.

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ഇന്ത്യയുടെ മലയാളി ഗോൾ കീപ്പർ പി.ആർ ശ്രീജേഷിന്റെ മികവിലാണ് നീലപ്പട കൊറിയക്കാരെ മറികടന്നത്. ഷൂട്ടൗട്ടിൽ ഇന്ത്യയുടെ അഞ്ചു ഷോട്ടുകളും കൊറിയൻ വലയിൽ കയറിയപ്പോൾ കൊറിയക്കാരുടെ നാലു ഷോട്ടുകൾ മാത്രമാണ് ശ്രീജേഷിനെ മറികടന്നത്. ദക്ഷിണ കൊറിയയുടെ നിർണായകമായ അവസാന ഷോട്ട് ശ്രീജേഷ് തട്ടിയകറ്റിയതോടെ ഇന്ത്യ ഫൈനലിലേക്ക് മാർച്ചുചെയ്തു. നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും 2–2 ന് ഇരുടീമും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാക്കിസ്‌ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചത്. തുടർച്ചയായ നാലാം തവണയാണ് പാക്കിസ്‌ഥാൻ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എത്തുന്നത്.