ഐ.എസ്.എല്‍ ഫൈനലിനായി കൊച്ചിയില്‍ കനത്ത സുരക്ഷ.

05:22 pm 18/12/2016
images (2)

കൊച്ചി: ഐ.എസ്.എല്‍ ഫൈനലിനായി കൊച്ചിയില്‍ കനത്ത സുരക്ഷ. സ്‌റ്റേഡിയത്തിനു അകത്തും പുറത്തുമായി പൊലീസ് സന്നാഹം ശക്തമാക്കി. വൈകിട്ട് 3.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ആറു മണിയോടെ പ്രവേശനം അവസാനിപ്പിക്കും. രാവിലെ തന്നെ നിരവധി പേരാണ് സ്റ്റേഡിയത്തിന്റെ പരിസരങ്ങളില്‍ എത്തിയിരിക്കുന്നത്. പ്രിയടീമിനെ പ്രോത്സാഹിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ആരാധകരുടെ വരവ്.

സ്‌റ്റേഡിയത്തിനകത്ത് പ്രവേശിച്ചാല്‍ മത്സരം അവസാനിക്കുന്നത് വരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ബാഗുകള്‍, ഹെല്‍മറ്റ്, വെള്ളക്കുപ്പികള്‍, വലിയ ഡ്രമ്മുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, പടക്കം, തീപ്പെട്ടി തുടങ്ങിയവ സ്‌റ്റേഡിയത്തിലേക്കു കടത്താന്‍ അനുവദിക്കില്ല. മൂന്നു വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ടിക്കറ്റ് വേണം. 18 വയസിനു താഴെയുള്ള കുട്ടിക്കൊപ്പം ടിക്കറ്റുള്ള ഒരു രക്ഷിതാവ് ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. സ്‌റ്റേഡിയത്തിനുള്ളില്‍ സൗജന്യമായി ശുദ്ധജലം നല്‍കാന്‍ 48 വാട്ടര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി, അഭിഷേക് ബച്ചന്‍, സൗരവ് ഗാംഗുലി എന്നിവര്‍ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തും. നേരത്തേ കൊച്ചിയില്‍ നടന്ന മത്സരങ്ങള്‍ക്കിടെ ആരാധകര്‍ അക്രമം നടത്തി നാശനഷ്ടം വരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പിന്നീടുള്ള മത്സരങ്ങള്‍ കര്‍ശന സുരക്ഷയിലാണ് നടന്നത്.