പൊതുമേഖലയിലെ പുതുതലമുറ ബാങ്കായ ഐ.ഡി.ബി.ഐ. ബാങ്കിനെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം ശക്തമാക്കി. പൂട്ടിക്കിടക്കുന്ന വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈൻസിനുൾപ്പെടെ പല വൻകിട സ്വകാര്യ കമ്പനികൾക്കും നൽകിയ വായ്പ കിട്ടാക്കടമായത് ബാങ്കിന്റെ ശോഭ കെടുത്തിയിരുന്നു. ഇതെത്തുടർന്ന് ബാങ്ക് സി.ബി.ഐ. അന്വേഷണം വരെ നേരിടുകയും ചെയ്തു. ഇതിനിടെയാണ് ഓഹരി വിറ്റഴിക്കൽ നടപടിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ബാങ്കിനെ സ്വകാര്യവത്കരിക്കാനുള്ള ആലോചനകൾ മാസങ്ങൾക്ക് മുമ്പ് തുടങ്ങിയതാണെങ്കിലും ഇപ്പോൾ അതിനുള്ള നീക്കങ്ങൾക്ക് വേഗം കൂടി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കിടയിലും സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുകയാണ് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായാണ് ഐ.ഡി.ബി.ഐ. ബാങ്കിന്റെ സ്വകാര്യവത്കരണം.

എസ്.ബി.ഐ. ക്യാപ്പിറ്റൽ മാർക്കറ്റ്‌സ് എന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് ആൻഡ് അഡ്‌െെവസറി സ്ഥാപനത്തെ ഐ.ഡി.ബി.ഐ. ബാങ്കിന്റെ സ്വകാര്യവത്കരണത്തിനായി  ചുമതലപ്പെടുത്തി. രാജ്യത്ത് ഒട്ടേറെ ലയനങ്ങൾക്കും ഏറ്റെടുക്കലുകൾക്കും നേതൃത്വം നൽകിയ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനമാണ് എസ്.ബി.ഐ.യുടെ കീഴിലുള്ള എസ്.ബി.ഐ. ക്യാപ്പിറ്റൽ മാർക്കറ്റ്‌സ്. ഐ.ഡി.ബി.ഐ. ബാങ്കിന്റെ മൂല്യനിർണയം ഉൾപ്പെടെയുള്ള ജോലികൾ ഇവർ നിർവഹിക്കും. ബാങ്കിന്റെ ഓഹരികൾ സ്വന്തമാക്കാൻ ശേഷിയുള്ള സ്ഥാപനങ്ങളെ കണ്ടെത്തുക എന്നതും ഇവരുടെ ദൗത്യമാണ്. ലയനം ഏതുരീതിയിൽ വേണം, എത്ര ശതമാനം ഓഹരികൾ വിൽക്കണം, വില എത്ര കിട്ടണം എന്നിവയൊക്കെ എസ്.ബി.ഐ. ക്യാപ്പിറ്റൽ മാർക്കറ്റ്‌സിന് നിർദ്ദേശിക്കാം. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഇത് വിലയിരുത്തി സർക്കാറിന്റെ പരിഗണനയ്ക്ക് വിടും.

മറ്റു പൊതുമേഖലാ ബാങ്കുകളെപ്പോലെ ദേശസാത്കൃത നിയമത്തിന്റെ കീഴിലല്ല ഐ.ഡി.ബി.ഐ. ബാങ്ക്. അതിനാൽത്തന്നെ, ഐ.ഡി.ബി.ഐ. ബാങ്കിലെ സർക്കാർ ഓഹരി 52 ശതമാനത്തിനും താഴെയാക്കി കുറയ്ക്കുന്നതിന് നിയമനിർമാണത്തിന്റെ ആവശ്യമില്ല. നിലവിൽ 76.5 ശതമാനം ഓഹരി പങ്കാളിത്തമാണ് സർക്കാറിന് ബാങ്കിലുള്ളത്. ബാങ്കിന്റെ മൂലധന പര്യാപ്തത ഉയർത്തുന്നതിനായി ഈ വർഷം 5,000 കോടി രൂപ സ്വരൂപിക്കാൻ പദ്ധതിയുണ്ട്. ഇതിൽ 2,229 കോടി രൂപ കേന്ദ്ര സർക്കാർ മുതൽമുടക്കും. ഇതോടെ കേന്ദ്ര സർക്കാറിന്റെ ഓഹരി തത്കാലം 80 ശതമാനത്തിന് മേലെയാകും. ഇത് ഒറ്റയടിക്കോ പടിപടിയായോ 52 ശതമാനത്തിന് താഴെയെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ബാങ്കിങ് റെഗുലേറ്ററായ റിസർവ് ബാങ്കിന്റെ അനുമതി വേഗം നേടിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള ഇടപാടാണ് പരിഗണിക്കുന്നത്. അതിനായി ബാങ്കിനെ ഏതെങ്കിലുമൊരു സ്വകാര്യ ബാങ്കിൽ ലയിപ്പിക്കാനും ആലോചനയുണ്ട്. വേഗത്തിൽ ബിസിനസ് വർധിപ്പിക്കുന്നതിനും വലിപ്പം കൂട്ടുന്നതിനുമായി നിലവിലുള്ള ബാങ്കുകളെ ഏറ്റെടുക്കാൻ പല പുതുതലമുറ സ്വകാര്യ ബാങ്കുകൾക്കും താത്പര്യമുണ്ട്. അതിനാൽ തന്നെ ഇത്തരമൊരു ഇടപാടിനായിരിക്കും പ്രഥമ പരിഗണന.

ഐ.ഡി.ബി.ഐ. ബാങ്കിന്റെ ഓഹരി വില ഇപ്പോൾ 86 രൂപയാണ്. ഇതനുസരിച്ച് ഏതാണ്ട് 13,800 കോടി രൂപയാണ് ബാങ്കിന്റെ ഇപ്പോഴത്തെ വിപണിമൂല്യം. 2015 മാർച്ച് 31ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ് 4,68,213 കോടി രൂപയാണ്. ദേശീയ വ്യവസായ വികസന ബാങ്ക് (ഐ.ഡി.ബി.ഐ.) എന്ന നിലയിൽ 1964ൽ തുടക്കമിട്ട സ്ഥാപനമാണ് പിന്നീട് 2004ൽ സമ്പൂർണ വാണിജ്യ ബാങ്കായി മാറിയത്.

നേരത്തെ, കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ യു.ടി.ഐ. ബാങ്ക് പിന്നീട് സ്വകാര്യവത്കരിച്ചിരുന്നു. ഇന്ന് രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ഇപ്പോൾ ആക്‌സിസ് ബാങ്ക് എന്നറിയപ്പെടുന്ന പഴയ യു.ടി.ഐ. ബാങ്ക്. ഇതേ മാതൃകയിൽ ഐ.ഡി.ബി.ഐ.യിലെ ഓഹരി കുറയ്ക്കുന്നതും ആലോചനയിലുണ്ട്.

ഈ സാമ്പത്തിക വർഷം ഓഹരി വിറ്റഴിക്കലിലൂടെ 69,500 കോടി രൂപ സ്വരൂപിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 12,600 കോടി രൂപ സമാഹരിക്കാൻ മാത്രമേ ഇതുവരെ സർക്കാറിന് കഴിഞ്ഞുള്ളൂ. 2016 മാർച്ച് അവസാനത്തിന് മുമ്പായി ശേഷിച്ച തുക കൂടി പൊതുമേഖലാ ഓഹരി വിൽപനയിലൂടെ നേടിയെടുക്കാനാണ് സർക്കാറിന്റെ ശ്രമം.