ഒക്കലഹോമയില്‍ ശക്തമായ ഭൂചലനം ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

12.02 PM 06-09-2016
unnamed (9)
പി. പി. ചെറിയാന്‍
ഒക്കലഹോമ : സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 7.02ന് ഒക്കലഹോമയില്‍ ഉണ്ടായ ശക്തമായ ഭൂചനലത്തെ തുടര്‍ന്ന് ഗവര്‍ണര്‍ മേരി ഫോളിന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ അലയടികള്‍ ഷിക്കാഗോ വരെയെത്തിയിരുന്നു. 2011 നവംബറിനു ശേഷം ഇതാദ്യമാണ് ഇത്രയും ശക്തിയേറിയ ഭൂചലനം ഉണ്ടാകുന്നതെന്ന് ഗവര്‍ണര്‍ ഫാളിന്‍ പറഞ്ഞു. ലിങ്കണ്‍ കൗണ്ടിയിലായിരുന്നു അത്.
ഇപ്പോള്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ദുരിതത്തിലകപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സഹായം എത്തിക്കുന്നതിനാണ്. ഭൂചലനത്തെ തുടര്‍ന്ന് ഓയില്‍ മില്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തി വെച്ചിരിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
നോര്‍ത്ത് സെന്‍ട്രല്‍ സംസ്ഥാനത്ത് പതിനാലു കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുത ബന്ധം തകരാറിലായത്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുളള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നു വരുന്നു. ആര്‍ക്കും ജീവഹാനി സംഭവിച്ചില്ലെന്നതു ആശ്വാസകരമാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഒക്കലഹോമയിലുണ്ടായ ഭൂചലനം ഡാലസിലും നേരിയ തോതില്‍ അനുഭവപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.