ഒക്കലഹോമ ഗവര്‍ണര്‍ മേരി ഫാളിന്‍ വൈസ് പ്രസിഡന്റാകാന്‍ സാധ്യത

11:25am 6/5/2016

– പി. പി. ചെറിയാന്‍
unnamed
ഒക്കലഹോമ: ഒക്കലഹോമ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ മേരി ഫാളിന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നീണ്ട മാസങ്ങളുടെ നിശ്ശബ്ദതയ്ക്കുശേഷമുള്ള ഗവര്‍ണറുടെ പ്രഖ്യാപനം രാഷട്രീയ വൃത്തങ്ങളെ അത്ഭുതപ്പെടുത്തി. ഇന്ത്യാന തിരഞ്ഞെടുപ്പില്‍ ട്രംപ് വന്‍ വിജയം നേടുകയും, മത്സര രംഗത്തു നിന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് പിന്മാറുകയും, ഒഹായൊ ഗവര്‍ണര്‍ ജോണ്‍ കേസിക്ക് മത്സര രംഗത്തു നിന്നും വിടവാങ്ങുകയും ചെയ്തതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കപ്പെടണമെന്ന് തിരിച്ചറിവാണ് ട്രംപിനെ എന്‍ഡോഴ്‌സ് ചെയ്യുന്നതിന് ഒക്കലഹോമ ഗവര്‍ണരെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

താന്‍ നൂറുശതമാനവും ട്രംപിനെ പിന്താങ്ങുന്നുവെന്ന് മേരി ഫാളിന്‍ പറഞ്ഞു. രാജ്യത്ത് വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കണ്‍സര്‍വേറ്റീവ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടേണ്ടത് ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മേരി ഫാളിനെ തിരഞ്ഞെടുക്കുമെന്നുളള അഭ്യൂഹങ്ങള്‍ ശക്തപ്പെട്ടു. ഇന്ത്യാന തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ട്രംപ് വൈറ്റ് ഹൗസ് ലക്ഷ്യമാക്കിയുളള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തി.

അതേ സമയം ഡമോക്രാറ്റ്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹില്ലരിയുടെ ഇന്ത്യാനയിലെ പരാജയം ഇതുവരെ നില നിര്‍ത്തിയിരുന്ന തിളക്കത്തിന് മങ്ങലേല്‍പ്പിച്ചു. െ്രെപമറി തിരഞ്ഞെടുപ്പുകള്‍ വിലയിരുത്തിയാല്‍ ട്രംപിന് ലഭിക്കുന്ന അപ്രതീക്ഷിത പിന്തുണ നവംബറില്‍ ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്.