ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു മുന്നില്‍ ആതിഥേയരായ വിന്‍ഡീസിന്‍െറ നില പരുങ്ങലില്‍.

09:07am 24/07/2016

The-West-Indies-wait-for-a-review-during-day-four-of-the-Third-Test-match-between-New-Zealand-and-the-West
ആന്‍റിഗ്വ: ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു മുന്നില്‍ ആതിഥേയരായ വിന്‍ഡീസിന്‍െറ നില പരുങ്ങലില്‍. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ച നായകന്‍ വിരാട് കോഹ്ലിയുടെയും മൂന്നാം ടെസ്റ്റ് സെഞ്ച്വറി നേടിയ ആര്‍. അശ്വിന്‍െറയും മികവില്‍ എട്ടിന് 566 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്ത ഇന്ത്യക്കെതിരെ വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആതിഥേയര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്. ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യത്തില്‍നിന്ന് 476 റണ്‍സ് ദൂരം. മുന്‍നിരക്കാരായ രാജേന്ദ്ര ചന്ദ്രിക (16), ദേവേന്ദ്ര ബിഷു (12), ഡാരന്‍ ബ്രാവോ (11) എന്നിവര്‍ ഒന്നിനു പിന്നാലെ ഒന്നായി പുറത്തായതോടെ സമ്മര്‍ദത്തിലായ വിന്‍ഡീസിനായി ഓപണര്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ഉജ്ജ്വല ചെറുത്തുനില്‍പാണ് നടത്തുന്നത്. 141 പന്ത് നേരിട്ട് 46 റണ്‍സുമായി ബ്രാത്വെയ്റ്റ് ക്രീസിലുണ്ട്. റണ്‍സൊന്നുമെടുക്കാതെ മര്‍ലോണ്‍ സാമുവല്‍സാണ് മറുതലക്കല്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അമിത് മിശ്രക്കായിരുന്നു ഒരു വിക്കറ്റ്.

രണ്ടാം ദിനത്തില്‍ അശ്വിന്‍െറ സെഞ്ച്വറിയും (113) അമിത് മിശ്രയുടെ അര്‍ധസെഞ്ച്വറിയും (53) പിറന്നതിനു പിന്നാലെയാണ് കോഹ്ലി ഡിക്ളറേഷന്‍ പ്രഖ്യാപിച്ചത്. മറുപടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് 31ന് ഒന്ന് എന്നനിലയിലാണ് വെള്ളിയാഴ്ച ഗ്രൗണ്ട് വിട്ടത്. 15ാം ഓവറില്‍ ചന്ദ്രികയെ ഷമി പുറത്താക്കുകയായിരുന്നു. മൂന്നാം ദിനം കളി പുനരാരംഭിച്ച ആതിഥേയര്‍ക്കുമേല്‍ പേസര്‍മാരെ ഉപയോഗിച്ചാണ് കോഹ്ലി കളി നിയന്ത്രിച്ചത്.