ലോകപര്യടനം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ് 2 അബുദാബിയിലേക്ക്

09:10am 24/7/2016

download (4)

കയ്‌റോ: സൗരോര്‍ജ വിമാനം സോളാര്‍ ഇംപള്‍സ് 2 വിമാനം ലോകപര്യടനം പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ച യുഎഇയിലെ അബുദാബിയിലേക്ക് പുറപ്പെട്ടു. കയ്‌റോയില്‍ നിന്നു യാത്ര തുടങ്ങിയ വിമാനത്തിന് 48 മണിക്കൂറിനുള്ളില്‍ അബുദാബിയില്‍ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ് പൈലറ്റ് സീറ്റില്‍. മോശം കാലാവസ്ഥയും പൈലറ്റിന്റെ ശാരീരിക അസ്വാസ്ഥ്യവുമാണ് വിമാനത്തിന്റെ മടക്കയാത്ര വൈകിപ്പിച്ചത്.

2015 മാര്‍ച്ചില്‍ അബുദാബിയില്‍ നിന്നു ലോകം ചുറ്റാന്‍ പുറപ്പെട്ട സോളാര്‍ ഇംപള്‍സ്-2 30,000 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് യാത്ര പൂര്‍ത്തിയാക്കുന്നത്. വ്യോമയാന വിദഗ്ധരായ ആന്ദ്രേ ബോര്‍ഷ്ബര്‍ഗ്, ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡ് എന്നിവരാണു വിമാനത്തെ നിയന്ത്രിച്ചിരുന്നത്.16 മാസത്തെ ലോകസഞ്ചാരത്തിനിടെ ഒമാന്‍, ഇന്ത്യ, മ്യാന്‍മാര്‍, ചൈന, ജപ്പാന്‍, യുഎസ്, സ്‌പെയിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലാണ് വിമാനം ഇറങ്ങിയത്.

പാരമ്പര്യേതര ഊര്‍ജമായ സൗരോര്‍ജമുപയോഗിച്ചു പറക്കുന്ന വിമാനം സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിന്റെ സഹകരണത്തോടെ ബായര്‍, സോള്‍വേ, എബിബി, ഷിന്‍ഡ്‌ലര്‍, ഒമേഗ, മസ്ദാര്‍ എന്നീ കമ്പനികള്‍ സംയുക്തമായാണു നിര്‍മിച്ചത്. 2,300 കിലോഗ്രാം ഭാരമുള്ള വിമാനത്തിന്റെ പരമാവധി വേഗം 100 കിലോമീറ്ററാണ്. 17,248 സോളാര്‍ പാനലുകളാണ് വിമാനത്തിനുള്ളത്. 12 വര്‍ഷമെടുത്താണ് വിമാനം നിര്‍മിച്ചത്.