ഒബാമയുടെ സംഘത്തെ വെല്ലുവിളിച്ച് ചൈനീസ് ഉദ്യോഗസ്ഥന്‍

06.28 PM 04-09-2016
g_20_0409
ഹാങ്ഷു: ജി 20 ഉച്ചകോടിക്കായി ചൈനയിലെത്തിയ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സംഘത്തെ വെല്ലുവിളിച്ച് ചൈനീസ് ഉദ്യോഗസ്ഥന്‍. വിമാനത്താവളത്തിലെ സുരക്ഷാ സന്നാഹങ്ങളാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഇതുകൂടാതെ, ഉച്ചകോടിക്കെത്തിയ മറ്റു ലോകനേതാക്കള്‍ക്കെല്ലാം വിമാനത്തില്‍നിന്ന് ഇറങ്ങുന്ന വഴിയില്‍ ചുവപ്പു പരവതാനി വിരിച്ചപ്പോള്‍ ഒബാമയ്ക്ക് അത് നല്‍കിയതുമില്ല.
ജി 20 ഉച്ചകോടിയ്ക്കായി കനത്ത സുരക്ഷയാണ് ചൈന ഏര്‍പ്പെടുത്തിയത്. വിദേശ യാത്രകളില്‍ ഒബാമയ്‌ക്കൊപ്പം ഉണ്ടാകാറുള്ള മാധ്യമപ്രവര്‍ത്തകര്‍ യുഎസ് പ്രസിഡന്റ് വിമാനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ ചൈനീസ് വിമാനത്താവളത്തില്‍ ഇവരെ റിബണ്‍ കെട്ടി തടഞ്ഞു. ഇത് ചോദ്യം ചെയ്ത യുഎസ് നയതന്ത്ര ഉദ്യോഗസ്ഥ ഇത് ഞങ്ങളുടെ വിമാനവും യുഎസ് പ്രസിഡന്റുമാണെന്ന് ചൈനീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. ‘ഇത് ഞങ്ങളുടെ രാജ്യമാണ്, ഞങ്ങളുടെ വിമാനത്താവളവും’- എന്നായിരുന്നു ചൈനീസ് ഉദ്യോഗസ്ഥന്റെ ഉച്ചത്തിലുള്ള മറുപടി. റിബണ്‍ ഉയര്‍ത്തി ഒബാമയുടെ അടുത്തേക്ക് പോകാന്‍ ശ്രമിച്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസിനെയും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ബെന്‍ മറാഡ്‌സിനെയും ചൈനീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ വൈറ്റ്ഹൗസ് ലേഖിക റോബര്‍ട്ട റാംടണ്‍ ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്‌തോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്. യുഎസ് നയതന്ത്രജ്ഞര്‍ക്ക് ചൈനീസ് ഉദ്യോഗസ്ഥന്‍ ഉറക്കെ ഇംഗ്ലിഷില്‍ മറുപടി നല്‍കുന്ന ദൃശ്യങ്ങളാണ് റോബര്‍ട്ട റാംടണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.