ഒരാഴ്ചയ്ക്കുളളില്‍ ഡ്യൂട്ടിയില്‍ കൊല്ലപ്പെട്ട ഓഫിസര്‍മാരുടെ എണ്ണം അഞ്ചായി

10:52 am 25/11/2016

– പി. പി. ചെറിയാന്‍
Newsimg1_43402640
ഡിട്രോയ്റ്റ് : വയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഡ്യൂട്ടിയിലിരിക്കെ നവംബര്‍ 22 ചൊവ്വാഴ്ച വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ഓഫിസര്‍ കോളിന്‍ റോസ് (29) ബുധനാഴ്ച രാവിലെ മരിച്ചതോടെ അമേരിക്കയില്‍ ഒരാഴ്ചയ്ക്കുളളില്‍ കൊല്ലപ്പെട്ട ഓഫിസര്‍മാരുടെ എണ്ണം അഞ്ചായി. 2016ല്‍ ഇതുവരെ 60 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പൊലീസ് ഓഫീസര്‍മാരില്‍ ആദ്യമായാണ് ഒരാള്‍ ഡ്യൂട്ടിയ്ക്കിടയില്‍ കൊല്ലപ്പെടുന്നതെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30ന് റോസില്‍ നിന്ന് ലഭിച്ച സന്ദേശത്തില്‍ മോഷണത്തിനു ശ്രമിച്ച ഒരു വ്യക്തിയെ ചോദ്യം ചെയ്യുന്നു എന്നതായിരുന്നുവെന്ന് പൊലീസ് സെര്‍ജന്റ് മൈക്കിള്‍ വുഡി പറഞ്ഞു.

കൂടുതല്‍ പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ തലയ്ക്ക് വെടിയേറ്റ് നിലത്തു വീണു കിടക്കുന്ന റോസിനെയാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചു ലൈഫ് സപ്പോര്‍ട്ടില്‍ കിടന്നിരുന്ന റോസിന്റെ മരണം ഇന്ന് രാവിലെ സ്ഥിരീകരിക്കുകയായിരുന്നു.