ഒരുമ പിക്‌നിക്ക് വന്‍ വിജയമായി

09.23 PM 18-05-2016
Orumapicnic_pic5
ജോയിച്ചന്‍ പുതുക്കുളം
ഹൂസ്റ്റണ്‍: റിവര്‍‌സ്റ്റോണില്‍ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഒരുമയുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഏപ്രില്‍ 30-നു പിക്‌നിക്ക് നടത്തി. മിസൂറി സിറ്റിയിലുള്ള ക്‌നാനായ കാത്തലിക് സെന്റര്‍ വച്ചായിരുന്നു പിക്‌നിക്ക്. മുന്‍ വര്‍ഷങ്ങളേക്കാള്‍ വന്‍ ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ കായിക വിനോദങ്ങള്‍ കൊണ്ടും റിവര്‍‌സ്റ്റോണ്‍ നിവാസികള്‍ക്ക് ഈവര്‍ഷത്തെ പിക്‌നിക്ക് അവിസ്മരണീയമായ ഒരു അനുഭവമായി.

രാവിലെ 9 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയ്ക്കുശേഷം ഒരുമ പ്രസിഡന്റ് ജോയ് പൗലോസ് പിക്‌നിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരുമ എക്‌സിക്യൂട്ടീവ് അംഗങ്ങളും മുന്‍ വര്‍ഷങ്ങളിലെ ഭാരവാഹികളും കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

രുചിവൈവിധ്യങ്ങളുടെ നിറക്കൂട്ടൊരുക്കിയ ഭക്ഷണ വിഭവങ്ങള്‍ ഈവര്‍ഷത്തെ പിക്‌നിക്കിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. രാവിലെ 9.30-നു പ്രഭാത ഭക്ഷണവും, ഉച്ചയ്ക്ക് ഒരുമണിക്ക് ഉച്ചഭക്ഷണവും, 4 മണിക്ക് സായാഹ്ന ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച പിക്‌നിക്ക് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് ക്‌നാനായ കാത്തലിക് സെന്ററിന്റെ വിശാലമായ ഹാളും ഏര്‍പ്പാടാക്കിയിരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി നിരവധി പരിപാടികള്‍ പിക്‌നിക്കില്‍ ഉണ്ടായിരുന്നു.

റിവര്‍‌സ്റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയും സഹകരണവും വിളിച്ചോതുന്നതായി ഈവര്‍ഷത്തെ ഒരുമയുടെ പിക്‌നിക്ക്. വന്‍ വിജയമാക്കിത്തീര്‍ത്ത നല്ലവരായ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും സ്‌പോണ്‍സേഴ്‌സിനും ഒരുമ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി. ഒരുമയ്ക്കുവേണ്ടി സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുങ്കല്‍ അറിയിച്ചതാണിത്.