ഫീനിക്‌സിനെ ഗൃഹാതുരത്വമണിയിച്ച് ഫെയ്ത്ത് ഫെസ്റ്റ് 2016

09.25 PM 18-05-2016
phoenix_faithfest_pic1
ജോയിച്ചന്‍ പുതുക്കുളം
ഫീനിക്‌സ്: കേരളപ്പെരുമ പ്രകടമാക്കുന്ന തനതുകലകളുടെ വിരുന്നൊരുക്കുന്നതില്‍ ഫീനിക്‌സിലെ മലയാളികള്‍ എന്നും മുമ്പന്തിയിലാണ്. ഇത്തവണ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയം സംഘടിപ്പിച്ച ഫെയ്ത്ത് ഫെസ്റ്റ് കലോത്സവമാണ് പരമ്പരാഗത ക്രൈസ്തവ കലകളുടെ അവതരണത്തിന് വേദിയായത്.

മാര്‍ഗ്ഗംകളിയും, പരിചമുട്ടുകളിയും പഴയ തലമുറയില്‍ ഗൃഹാതുരത്വമുണര്‍ത്തിയപ്പോള്‍, ന്യൂജനറേഷനിലത് ആവേശമായി മാറി. ക്രൈസ്തവ പ്രമേയങ്ങള്‍ ഇതിവൃത്തമായി സ്വീകരിച്ച് ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തങ്ങളും വേദി കീഴടക്കി. വിവിധ ഭാഷകളിലെ ക്ലാസിക്, സെമി ക്ലാസിക്, പാശ്ചാത്യ നൃത്തകലകളെ ഒരുമിപ്പിച്ച് അമ്പതിലധികം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് കലാ-സാംസ്‌കാരികാനുരൂപണത്തിന് ഉത്തമ മാതൃകയായി. രംഗത്തെത്തിയ ലഘു നാടകങ്ങള്‍, മൂകാഭിനയം പോലുള്ള കലാപരിപാടികളും ഫീനിക്‌സ് മലയാളികളുടെ പ്രതിഭാ തിളക്കം പ്രകാശിപ്പിക്കുന്നതായി.

ഹോളി ഫാമിലി ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും യുവജനങ്ങളേയുമടക്കം ഇരുപതിലധികം കലാകാരന്മാരേയും കലാകാരികളേയും രംഗത്തെത്തിക്കാന്‍ കഴിഞ്ഞു എന്നാണ് ഫെയ്ത്ത് ഫെസ്റ്റ് 2016-ന്റെ വിജയമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജു ഫ്രാന്‍സീസ് പറഞ്ഞു. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു, ആന്റോ യോഹന്നാന്‍, ഡോ. ജൂഡി റോയി, സുഷാ സെബി എന്നിവരായിരുന്നു പരിപാടികളുടെ മുഖ്യ സംഘാടകര്‍. മാത്യു ജോസ് അറിയിച്ചതാണിത്.