കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു.

11:45am 03/3/2016

download (5)

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന് ഡല്‍ഹി ഹൈകോടതി് ആറു മാസത്തേക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി പതിനായിരം രൂപ കെട്ടിവെക്കണം. ആറു മാസത്തേക്ക് അന്വേഷണവുമായി സഹകരിക്കണമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ റാണി നിര്‍ദേശം നല്‍കി. കെട്ടിവെക്കാനുള്ള ജാമ്യത്തുക ജെ.എന്‍.യുവിലെ അധ്യാപകര്‍ നല്‍കി.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡല്‍ഹി പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം എന്താണെന്ന് അറിയാമോയെന്ന് കോടതി പൊലിസിനോട് ചോദിച്ചു. ജാമ്യത്തെ എതിര്‍ത്ത് പൊലീസ് മുന്നോട്ടുവെച്ച വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. അതേസമയം, സമാനസംഭവത്തില്‍ സമാന കേസ് ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.

തിങ്കളാഴ്ച തന്നെ ഹരജിയില്‍ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും ഇന്നത്തേക്ക് വിധി മാറ്റുകയായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് വിധി വരുമെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും വൈകുകയായിരുന്നു. ഡല്‍ഹി സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലായ രാഹുല്‍ മെഹ്‌റയും കനയ്യയുടെ ജാമ്യത്തെ അനുകൂലിച്ചു.

രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നതിന് തെളിവായി ഡല്‍ഹി പൊലീസ് ഹാജരാക്കിയ വിഡിയോ വ്യജമാണെന്ന് ഫോറന്‍സിന് പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് വിഡിയോ വ്യാജമാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ഭാഗം കൂട്ടിച്ചേര്‍ത്തതാണെന്ന്?? കണ്ടെത്തുകയായിരുന്നു.