കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു

02:44 PM 14/07/2016
download (3)
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ കമല്‍ ചുമതലയേറ്റു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഒാഫീസിലെത്തിയാണ് ചുമതലയേറ്റത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്‍റാണ് കമല്‍.
ചലച്ചിത്ര വികസന കോര്‍പറേഷനുമായി ചേര്‍ന്ന് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതായി കമൽ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി ചലച്ചിത്ര രംഗത്തിന്‍റെ വികസനത്തിനായി പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചെയര്‍മാന്‍. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ രാജീവ് നാഥ് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പുതിയ ചെയർമാൻ സ്ഥാനമേൽക്കുന്നത് വരെ പദവിയിൽ തുടരാൻ സർക്കാർ നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ആദ്യഘട്ടത്തില്‍ പ്രിയദര്‍ശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. പ്രിയദര്‍ശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് രാജീവ് നാഥിനെ നിയമിച്ചത്.
ബുധനാഴ്ച സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രൻ ചുമതലയേറ്റിരുന്നു. ഡിസംബര്‍ ആദ്യവാരത്തോടെ ആരംഭിക്കേണ്ട 21ാമത് രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഒരുക്കം ജൂലൈ അവസാനവാരത്തോടെ ആരംഭിക്കേണ്ടതിനാല്‍ വേഗത്തിലായിരുന്നു നടപടികള്‍.