കര്‍ണാടകയില്‍ പൊലീസ് ആത്മഹത്യ

01:13 PM 08/07/2016
download (2)
ബംഗളൂരു: കര്‍ണാടക ബെലാഗവി ടൗണ്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ മരണത്തിന് പിറകെ അതേപദവിയിലുള്ള മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു. കൊടഗു ജില്ല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ ഗണപതി(51)യെയാണ് ലോഡജ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മരിക്കുമ്പോള്‍ പൊലീസ് യൂനിഫോമിലായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോഡ്ജില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മന്ത്രി കെ.ജെ ജോര്‍ജിന്‍റെയും മകന്‍റെയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെയും അനാവശ്യ ഇടപെടലുകളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. രാഷ്ട്രീയമായ സമര്‍ദ്ദമാണ് മരണത്തിന് പ്രേരണയായതെന്നും കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയാറാണെന്ന് മന്ത്രി കെ.ജി ജോര്‍ജ് പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ മാനസിക സമ്മര്‍ദ്ദത്തിലാക്കി മരണത്തിലേക്ക് തള്ളിവിട്ട കെ.ജി ജോര്‍ജ് രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
നേരത്തെ, കന്നട വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ അപമാനിച്ചതായും നിരവധി കേസുകളില്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ഗണപതി ആരോപിച്ചിരുന്നു. മേയില്‍ ഗണപതിയെ മംഗളൂരു പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലിന്‍റെ കാര്യാലയത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ചൂതുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ വിട്ടയക്കുന്നതിന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ചിക്കമംഗളൂരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കല്ലപ്പ ഹാദിബാഗ് ആത്മഹത്യ ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചത്.