കളവ് മുതലിനു സംരക്ഷണം നല്‍കിയ ­നായയെ പൊലീസ് വെടിവച്ചു കൊന്നു

07:56 pm 14/10/2016
– പി.പി. ചെറിയാന്‍
Newsimg1_88172403
ഡാലസ് : യജമാനന്‍ മോഷ്ടിച്ചു കൊണ്ടുവന്ന കാറിനും മോഷണ വസ്തുക്കള്‍ക്കും സംരക്ഷണം നല്‍കി നിന്നിരുന്ന നായയെ പൊലീസ് വെടിവച്ചു കൊന്നു. ഒക്ടോബര്‍ 11 ചൊവ്വ അര്‍ധരാത്രിയില്‍ ഡാലസിലെ ഫിറ്റ്‌സ് വ്യു അവന്യുവിലാണു സംഭവം.

വീടിനുമുന്‍പില്‍ തോക്കുമായി ഒരാള്‍ നില്‍ക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിചേര്‍ന്നത്. തുടര്‍ന്ന് നടന്ന പ്രാഥമിക അന്വേഷണത്തില്‍ വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് മോഷ്ടിച്ച കാറാണെന്നും അതോടൊപ്പം നിരവധി മോഷണ വസ്തുക്കളും ഉണ്ടെന്നും പൊലീസ് കണ്ടെത്തി.

കാറിനെ സമീപിക്കുന്നതിനോ വീടിനടുത്തേക്ക് പ്രവേശിക്കുന്നതിനോ കാവല്‍ നിന്നിരുന്ന നായ അനുവദിച്ചില്ല. മാത്രമല്ല പൊലീസിനെ ആക്രമിക്കുന്നതിനു നായ ശ്രമിച്ചു. കൂടുതലൊന്നും പൊലീസിന് ആലോചിക്കേണ്ടി വന്നില്ല. കൃത്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ആക്രമിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത നായയെ പൊലീസിന്റെ തോക്കില്‍ നിന്നും ചീറിപാഞ്ഞ വെടിയുണ്ട നിശബ്ദമാക്കി.

നായയുടെ പ്രതിരോധം തകര്‍ത്ത് അകത്തു പ്രവേശിച്ച പൊലീസ് നാലു പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്വയ രക്ഷാവാദം ഉയര്‍ത്തി നിരപരാധികളും നിരായുധരുമായ ചിലരെങ്കിലും പൊലിസിന്റെ തോക്കിനു മുമ്പില്‍ പിടഞ്ഞു മരിച്ച സംഭവങ്ങളെക്കുറിച്ചുളള അന്വേഷണം പുരോഗമിക്കുന്നതോടൊപ്പം കളളനാണെങ്കിലും യജമാന സ്‌നേഹത്തിന്റെ മുമ്പില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നായയുടെ മരണത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഹാള്‍ട്ടന്‍ സിറ്റി അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃഗസ്‌നേഹികളുടെ വന്‍ പ്രതിഷേധം മുന്നില്‍ കണ്ടു കൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.