കശ്മീരില്‍ വീണ്ടും കര്‍ഫ്യൂ; പരിക്കേറ്റ യുവാവ് മരിച്ചു

08:33 am 17/9/2016
download
ശ്രീനഗര്‍: സംഘര്‍ഷഭരിതമായ കശ്മീരിന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജുമുഅ നമസ്കാരത്തിന് ശേഷം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.
ശ്രീനഗര്‍ നഗരം, ബാരാമുല്ല, പഠാന്‍, അനന്ദ്നാഗ്, ഷോപിയാന്‍, പുല്‍വാമ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ തുടരുന്നത്. താഴ്വരയില്‍ ജനജീവിതം സ്തംഭിച്ചിട്ട് എഴുപത് ദിവസങ്ങളായി.

കഴിഞ്ഞയാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബാസിത് മുക്താര്‍ ആണ് വെള്ളിയാഴ്ച ആശുപത്രിയില്‍ മരണപ്പെട്ടത്. ജൂലൈ എട്ടിന് ശേഷം താഴ്വരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 80 ആയി. ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനി സുക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്വരയില്‍ സംഘര്‍ഷം ആളിപ്പടര്‍ന്നത്. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭം സെപ്റ്റംബര്‍ 22 വരെ നീട്ടിയിട്ടുമുണ്ട്.

കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളുമെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. വിദ്യാലയങ്ങള്‍ തുറന്നിട്ടില്ല. ബസും ടാക്സികളും നിരത്തിലിറങ്ങുന്നില്ല. ആളുകള്‍ കൂട്ടംകൂടുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.