കസബയിലെ അശ്ലീല സംഭാഷണങ്ങളില്‍ നടപടിയെടുക്കുമെന്ന് വനിതാ കമീഷന്‍.

10:22am 13/7/2016
download (8)

മമ്മൂട്ടി ചിത്രം കസബയിലെ അശ്ലീല സംഭാഷണങ്ങളില്‍ നടപടിയെടുക്കുമെന്ന് വനിതാ കമീഷന്‍. ചിത്രത്തില്‍ സ്ത്രീ വിരുദ്ധ സംഭാഷണമുണ്ടെന്ന വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ കമീഷന്‍ ഇടപെട്ടത്.
ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് മറ്റൊരു പൊലീസ് ഓഫീസറായ മമ്മൂട്ടി അനാവശ്യമായ അശ്ലീല സംഭാഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരവധി സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളും ചിത്രത്തില്‍. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി പ്രതികരിച്ചു.
മമ്മൂട്ടിയെപ്പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ അത്തരം സംഭാഷണങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഒരു മുതിര്‍ന്ന നടനും അറിയപ്പെടുന്ന താരവുമാണ്. അത്തരം അശ്ലീല സംഭാഷണങ്ങള്‍ അദ്ദേഹം പറയാന്‍ പാടില്ലായിരുന്നു. തിരക്കഥയില്‍ ഉള്ളതായിരിക്കാമെങ്കിലും അദ്ദേഹത്തിന് അത് പറ്റില്ലെന്ന് പറയാമായിരുന്നുവെന്നും വനിതാ കമീഷന്‍ അംഗങ്ങളും വ്യക്തമാക്കി.
പൊലീസ് ഓഫീസറായ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം നടത്തിയ അശ്ലീല സംഭാഷണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമീഷന്‍ സ്വമേധയാ വിഷയത്തില്‍ ഇടപെടുന്നത്.
ചിത്രം മുഴുവന്‍ പരിശോധിച്ചാകും വനിതാ കമീഷന്‍ നടപടിയെടുക്കുക. ഈ മാസം 19ന് നടക്കുന്ന വനിതാ കമ്മീഷന്‍ സിറ്റിങില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും. സംവിധായകന്‍ രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജിപണിക്കരാണ് കസബ സംവിധാനം ചെയ്തത്.
എന്നാല്‍ ചിത്രം ഈ സമൂഹത്തിന്റെ പ്രതിഫലനമാണെന്ന് സംവിധായകന്‍ നിഥിന്‍ രഞ്ജിപണിക്കര്‍ പ്രതികരിച്ചു. സമൂഹത്തിലുള്ള സ്ത്രീവിരുദ്ധത മാത്രമേ കസബയിലുമുള്ളൂ. നമ്മുടെ സമൂഹത്തില്‍ സ്ത്രീവിരുദ്ധതയില്ലേ. ഇവിടെ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിക്കുന്നുണ്ടോ ? സിനിമയെ സ്ത്രീവിരുദ്ധമെന്ന് മുദ്ര കുത്തുംമുമ്പ് ഇതൊക്കെ ഒന്നാലോചിക്കണമെന്നും നിഥിന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.