കാനഡയില്‍ ഹ്രസ്വചലച്ചിത്ര മത്സരം

01.24 AM 17-07-2016
toronto_filmfestival_pic
ജോയിച്ചന്‍ പുതുക്കുളം
ടൊറന്റോ: അന്താരാഷ്ട്ര ചലച്ചിത്രമേള (TIFF) യുടെ മുന്നോടിയായി ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്ന് ഹ്രസ്വചിത്രമത്സരം നടത്തുന്നു. ഡിജിറ്റല്‍ സിനിമകളില്‍ പരീക്ഷണം നടത്താനിറങ്ങുന്ന നവാഗതര്‍ക്കു വേണ്ടിയാണീ മത്സരം നടത്തുന്നത്.
‘ചലച്ചിത്രരംഗത്തേയ്ക്ക് പുതുതായി കടന്നുവരുന്നവര്‍ക്കുള്ള പ്രോത്സാഹനമെന്ന നിലയില്‍ ഇത് ടൊറോന്റോ ചലച്ചിത്രോത്സവത്തിന്റെ കേളികൊട്ടായി അവതരിപ്പിക്കപ്പെടുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നവാഗതപ്രതിഭകളെ കണ്ടെത്തി അവര്‍ക്കുള്ള വേദികളുണ്ടാക്കുന്നതിന്റെ ആദ്യപടിയെന്നോണമാണ്, സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ഈ പുതിയ സംരംഭം.” ചലച്ചിത്രോത്സവമേധാവിയായ പിയേര്‍സ് ഹന്‍ഡ്‌ലിംഗ് (Piers Handling) പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
60 സെക്കന്‍ഡില്‍ കൂടാത്ത ഹ്രസ്വചിത്രങ്ങള്‍ #TIFFxInstagram എന്ന ഹാഷ് ടാഗില്‍ അപ്‌ലോഡ് ചെയ്യുന്നതോടൊപ്പം TIFF Website ല്‍ രജിസ്റ്റര്‍ ചെയ്യുകയും മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. മേളയുടെ സംഘാടകര്‍ ഇതില്‍ നിന്ന് 30 പേരുടെ അന്തിമപട്ടിക തെരഞ്ഞെടുക്കും. മികച്ച ചിത്രം ഒരുക്കുന്ന ആളിന് 2016 സെപ്റ്റംബര്‍ 8 മുതല്‍ 18 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിലേയ്ക്കുള്ള ക്ഷണം ലഭിക്കും. ജൂലായ് 20 വരെ ചിത്രങ്ങള്‍ സമര്‍പ്പിക്കാം.
നടനും സംവിധായകനും എഴുത്തുകാരനുമായ ജെയിംസ് ഫ്രാങ്കോ അദ്ധ്യക്ഷനായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുക. ബഹുമുഖപ്രതിഭയായ സേവ്യര്‍ ഡോളന്‍, സംവിധായിക ആവ ദുവെര്‍ണേ, നടി പ്രിയങ്കാ ചോപ്ര, ഛായാഗ്രാഹകനും സംഗീതസംവിധായകനുമായ നബീല്‍ എല്‍ദേര്‍കിന്‍, അനിമേറ്റര്‍ റെയ്ച്ചല്‍ റൈല്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

പ്രേക്ഷകര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ഹ്രസ്വചിത്രങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമിലൂടെ വോട്ടു രേഖപ്പെടുത്താനും സാധിക്കും. ഓഗസ്റ്റ് 8 മുതല്‍ 17 വരെ TIFF Website ലും ഇന്‍സ്റ്റാഗ്രാമിലും അന്തിമപട്ടികയിലെത്തുന്ന ചിത്രങ്ങള്‍ കാണാനുള്ള സൗകര്യമുണ്ടായിരിക്കും.

സുരേഷ് നെല്ലിക്കോട് (001 289 925 4605) അറിയിച്ചതാണിത്.