മാറ്റങ്ങള്‍ക്ക് യവനിക ഉയര്‍ത്തി ഫോമാ നാടകോല്‍സവം, സണ്ണി കല്ലൂപ്പാറ മികച്ച നടന്‍, നിഴലാട്ടം മികച്ച നാടകം

01.22 AM 17-07-2016
sunnykallooppara_pic1
ജോയിച്ചന്‍ പുതുക്കുളം
ഫ്‌ളോറിഡ: മയാമിയില്‍ കൊടിയിറങ്ങിയ അഞ്ചാമത് ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ നാടകോല്‍സവം ആസ്വാദക പ്രശംസകൊണ്ട് വേറിട്ടതായി. ജന്‍മനാട്ടിലും കര്‍മഭൂമിയിലും ജനപ്രിയ നാടകങ്ങള്‍ മരിക്കുന്നില്ല എന്ന സുസമ്പേശം നന്‍കി അരങ്ങേറിയ നാടകോല്‍സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി കല്ലൂപ്പാറയ്ക്ക് (സണ്ണി നൈനാന്‍) പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം. ഇദ്ദേഹം ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടതോടെ വിജയത്തിന് ഇരട്ടി മധുരം. കാര്‍ഷിക വൃത്തിയുടെ മഹത്വം വിളംബരം ചെയ്യുന്ന ‘ആരും പറയാത്ത കഥ’ എന്ന നാടകത്തില്‍ കടക്കെണിയില്‍പ്പെട്ട് ജീവിതം വഴിമുട്ടിയപ്പോള്‍ മകന് വിഷം കൊടുക്കുന്ന ഗോപാലന്‍ എന്ന അച്ഛന്റെ റോള്‍ തനിമയോടെ അഭിനയിച്ച് ഫലിപ്പിച്ചതിനാണ് സണ്ണി കല്ലൂപ്പാറയെ മികച്ച നടനായി തിരഞ്ഞെടുത്തത്.
‘നിഴലാട്ടം’ ആണ് മികച്ച നാടകം. ഈ നാടംകം സംവിധാനം ചെയ്ത അജിത്ത് അയ്യമ്പിള്ളി മികച്ച സംവിധായകന്റെ പുരസ്‌കാരം ഏറ്റുവാങ്ങിപ്പോള്‍ ഡിട്രോയിറ്റില്‍ നിന്നുള്ള നാദം ജോണ്‍ മികച്ച നടിക്കുള്ള അവാര്‍ഡിനര്‍ഹയായി. ഡിട്രോയിറ്റില്‍ നിന്നുള്ള പ്രിമസ് ജോണ്‍ ആണ് മികച്ച സഹനടന്‍. ‘ആരും പറയാത്ത കഥ’ എന്ന നാടകത്തിലെ അഭിനയത്തികവുകൊണ്ട് ഗോപിനാഥ കുറുപ്പ്, ജി.കെ നായര്‍, സുരേഷ് മുണ്ടയ്ക്കല്‍, നിഷാദ് പൈതുറയില്‍ എന്നിവരും ശ്രദ്ധിക്കപ്പെട്ടു.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി പ്രസിഡന്റായ ഗോപിനാഥ കുറുപ്പ് നായര്‍ ബനവലന്റ് അസോസിയേഷന്റെ സാരഥ്യത്തിലൂടെയും തന്റെ സംഘാടന പാടവം തെളിയിച്ച വ്യക്തിത്വത്തിനുടമയാണ്. സാംസ്‌കാരിക സാമൂഹിക രംഗത്തെ സിസ്തുലമായ സംഭാവനകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന ജി.കെ നായര്‍ നായര്‍ ബനവലന്റ് അസോസിയേഷന്റെ അവിഭാജ്യ ഘടകമാണ്. യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നിഷാദ് പൈതുറയില്‍ നാടക-സീരിയല്‍ താരമെന്ന നിലയിലും പ്രശസ്തനാണ്. ഫോമയുടെ സജീവ പ്രവര്‍ത്തകനായ സുരേഷ് മുണ്ടയ്ക്കല്‍ നിരവധി നാടകങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.. മെക്കാനിക്കല്‍ എഞ്ചിനീയറായ ഇദ്ദേഹം സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
സംഘാടകനും മാധ്യമ പ്രവര്‍ത്തകനുമായ സണ്ണി കല്ലൂപ്പാറ നിരവധി നാടകങ്ങള്‍ക്ക് പുറമെ ശ്രദ്ധേയമായ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.. മനസറിയാതെ, കുങ്കുമപ്പൂവ്, വേളാങ്കണ്ണിമാതാവ്, അല്‍ഫോണ്‍സാമ്മ, ഇത് രുദ്രവീണ, അക്കരക്കാഴ്ചകള്‍ തുടങ്ങയവ ഇതില്‍പ്പെടും. അക്കരക്കാഴ്ചകളിലെ ഇക്കിളി ചാക്കോ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. ഇപ്പോള്‍ ‘ഫേസ് ബുക്ക് ജോപ്പന്‍’ എന്ന സീരിയലില്‍ നര്‍മ പ്രധാനമായ വേഷം ചെയ്യുന്നു.