കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു

11:55 am 31/5/2017


കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ശക്തമായ സ്ഫോടനത്തിൽ ഇന്ത്യൻ എംബസിയുടെ ജനലുകളും വാതിലുകളും തകർന്നു.

ദൈവത്തിന്‍റെ അനുഗ്രഹം. കാബൂളിലെ സ്ഫോടനത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷിതർ-സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

കാബൂളിലെ വാസിർ ഖാൻ പ്രദേശത്താണ് സ്ഫോടനം നടന്നത്. എംബസിയുടെ 50 മീറ്റർ പരിധിയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. വലിയ പുകപടലങ്ങൾ കെട്ടിടത്തിന് സമീപത്തുനിന്ന് ഉയർന്നു പൊങ്ങുന്നുണ്ട്. എന്നാൽ ചാവേറുകളുടെ ലക്ഷ്യം എംബസിയായിരുന്നോ എന്ന് വ്യക്തമല്ല.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നിൽ താലിബാൻ ഭീകരരാണെന്ന് സംശയിക്കുന്നു. സ്ഫോടക വസ്തുകൾ നിറച്ച കാറുമായി ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്.