കാര്‍ വില്‍പ്പനയില്‍ കുതിപ്പ്.

03:03 pm 1/10/2016

images (12)
ഓണത്തിന് സംസ്ഥാനത്തെ കാര്‍ വില്‍പ്പനയില്‍ കുതിപ്പ്. 660 കോടി രൂപയുടെ കാര്‍ വില്‍പ്പനയാണ് ഒരുമാസത്തിനിടെ നടന്നത്. പതിവ് തെറ്റിക്കാതെ മലയാളികളുടെ പ്രിയ ബ്രാന്‍ഡ് മാരുതി സുസുക്കി ഇത്തവണയും വില്‍പ്പനയില്‍ ഒന്നാമതെത്തി.
ഇലക്ട്രോണിക് വിപണിക്ക് മാത്രമല്ല, കാര്‍ വിപണിക്കും ഇത്തവണത്തെ ഓണം ചാകരക്കാലമായിരുന്നു. കാര്‍ വില്‍പ്പനയില്‍ 10 ശതമാനം വര്‍ദ്ധനവാണ് ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായത്. ഇന്ധന വില കുറഞ്ഞതിനൊപ്പം ആകര്‍ഷക വായ്പകളുമായി ബാങ്കുകള്‍ എത്തിയതും വില്‍പ്പന കൂട്ടുന്നതില്‍ നിര്‍ണായകമായി. ശരാശരി 15,000 കാറുകളാണ് പ്രതിമാസം സംസ്ഥാനത്ത് വില്‍ക്കുന്നത്. ഇതില്‍ 10 ശതമാനം വര്‍ദ്ധനവോടെ 16,500 കാറുകളാണ് ഓണത്തിന് വിറ്റത്. ഒരു കാറിന് ശരാശരി നാല് ലക്ഷം രൂപ കണക്കാക്കിയാല്‍ മൊത്തം വില്‍പ്പന 660 കോടി രൂപ. വിറ്റ 100 കാറുകളില്‍ അമ്പതോളവും മാരുതിയുടേതായിരുന്നു.
ബജറ്റ് മോഡലായ ഓള്‍ട്ടോ 800ആണ് ഏറ്റവും അധികം വിറ്റുപോയത്. മാരുതി അടുത്തിടെ അവതരിപ്പിച്ച ബ്രസയ്‌ക്കും ബലീനോയ്‌ക്കും ആവശ്യക്കാര്‍ ഏറെയുണ്ടായെങ്കിലും കാത്തിരിപ്പ് കാലാവധി കൂടിയത് ഉപഭോക്താക്കളെ നിരാശരാക്കി. ബുക്ക് ചെയ്ത് ഒന്‍പത് മാസത്തോളം കാത്തിരുന്നാല്‍ മാത്രമാണ് ഈ മോഡലുകള്‍ നിരത്തിലെത്തുക.
കൊറിയന്‍ കാര്‍ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോഴ്‌സാണ് വില്‍പ്പനയില്‍ രണ്ടാമത്. ഓള്‍ട്ടോ 800ന് ഭീഷണി ഉയര്‍ത്തി റെനോ ക്വിഡും മികച്ച മുന്നേറ്റം നടത്തി. കഴിഞ്ഞ മാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡീസല്‍ കാറുകള്‍ക്കും ഡിമാന്‍ഡ് കൂടി. നേരത്തെ നൂറില്‍ 85ഉം പെട്രോള്‍ കാറുകളാണ് വിറ്റുപോയിരുന്നതെങ്കില്‍ ഓണത്തിന് 30 ശതമാനത്തോളം വില്‍പ്പന ഡീസല്‍ കാറുകളായിരുന്നു.