കാലിഫോര്‍ണിയയില്‍ വെടിവെയ്പ്: മൂന്നു മരണം 12 പേര്‍ക്ക് പരിക്ക്

07:49 pm 16/10/2016

– പി.പി. ചെറിയാന്‍
Newsimg1_74529744
കാലിഫോര്‍ണിയ: വെസ്റ്റ് ആഡംസിലെ ഒരു റെസ്റ്റോറന്റില്‍ ഒക്‌ടോബര്‍ 15-നു ശനിയാഴ്ച രാവിലെ നടന്ന വെടിവെയ്പില്‍ 3 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജന്മദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെയ്പുണ്ടായതെന്ന് ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പീറ്റ്# വിറ്റിംങം പറഞ്ഞു.

പ്രതികളെന്നു സംശയിക്കുന്ന ഒരു പുരുഷനേയും സ്ത്രീയേയും ഇതിനകം ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയില്‍ എടുത്തു. മറ്റു മൂന്നു പേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

ജമൈക്കന്‍ റെസ്റ്റോറന്റില്‍ നടന്ന ജന്മദിന പാര്‍ട്ടിയില്‍ അമ്പതിലധികം പേര്‍ പങ്കെടുത്തിരുന്നു. വാക്കു തര്‍ക്കത്തെ തുടര്‍ന്നു പുറത്തുപോയ പുരുഷനും സ്ത്രീയുമാണ് റെസ്റ്റോറന്റില്‍ കൂടിയവര്‍ക്കുനേരേ വെടിയുതിര്‍ത്തത്. തിരിച്ചും വെടിവെയ്പുണ്ടായി.

പോലീസ് സ്ഥലത്തെത്തുമ്പോള്‍ മൂന്നുപേര്‍ രക്തംവാര്‍ന്ന് മരിച്ച നിലയിലും മറ്റുള്ളവരെ പരിക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

ലോസ്ആഞ്ചലസ് മേയര്‍ എറിക്ക ഗാര്‍സെറ്റി സെന്‍സലസ് ഗണ്‍വയലന്‍സ് എന്നാണിതിനെ വിശേഷിപ്പിച്ചത്. അമേരിക്കയിലുടനീളം നടക്കുന്ന വെടിവെയ്പുകളിലെ അവസാന സംഭവമാണിതെന്നും മേയര്‍ പറഞ്ഞു. കൊലപാതകികളുടെ കൈവശം തോക്കുകള്‍ ലഭിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും, പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും മേയര്‍ പറഞ്ഞു.

മരിച്ചവരുടേയോ, പരിക്കേറ്റവരുടേയോ പേരുവിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
Newsimg2_71530056