കാവേരി നദിയില്‍നിന്നു തമിഴ്‌നാടിന് പത്ത് ദിവസത്തേക്കു ജലം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

01.36 AM 06-09-2016
download
ന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്നു പ്രതിദിനം 15000 ഘനയടി ജലം പത്ത് ദിവസത്തേക്കു നല്‍കാന്‍ കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. മൂന്നു ദിവസത്തിനുള്ളില്‍ കര്‍ണാടക വേണ്ട നടപടിയെടുക്കണം. എന്നാല്‍, കൂടുതല്‍ ജലം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. അതിനായി കാവേരി തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ സമീപിക്കാനും ജസ്റ്റീസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
തമിഴ്‌നാടിനു നല്‍കുന്ന വെള്ളത്തില്‍ കുറവ് വരുത്തിയാല്‍ അത് സംസ്ഥാനത്തിന്റെ നിലനില്‍പിനെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ 40,000 ഏക്കര്‍ ഭൂമിയില്‍ സാംബ കൃഷിക്കായി 50.52 ടിഎംസി വെള്ളം വിട്ടുനല്‍കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മഴ കുറഞ്ഞതിനാല്‍ കാവേരിയുടെ നാല് സംഭരണികളിലായി 80 ടിഎംസി ജലത്തിന്റെ കുറവുള്ളതായും വെള്ളം തുറന്നുവിടാന്‍ സാധിക്കില്ലെന്നും കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഫ്.എസ്. നരിമാന്‍ കോടതിയെ അറിയിക്കുകയായിരുന്നു.