കെ. ബാബുവിനെതിരായ അന്വേഷണ ഉത്തരവ് മാസങ്ങളോളം എസ്.പി നിശാന്തിനി പൂഴ്ത്തിവെച്ചു

11.38 AM 06-09-2016
K_Babu_Nisanthini_760x400
അനധികൃത സ്വത്ത് കേസില്‍ കെ. ബാബുവിനെതിരെ രഹസ്യാന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് മുന്‍ വിജിലന്‍സ് എസ്.പി, നിശാന്തിനി മാസങ്ങളോളം പൂഴ്ത്തിവെച്ചു. കെട്ടിക്കിടക്കുന്ന കേസുകളെകുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ പരിശോധിച്ചപ്പോഴാണ് ഈ ഫയല്‍ മുക്കിയ കാര്യം അറിയുന്നത്. തുടര്‍ന്ന് അന്വേഷണം നടത്താന്‍ വിജിലന്‍സ് സപെഷ്യല്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കെ ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് കാട്ടി കഴിഞ്ഞ ഫെബ്രുവരി ആദ്യവാരത്തിലാണ് വിജിലന്‍സ് കോടതിക്ക് കത്ത് ലഭിച്ചത്. തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന ലെറ്റര്‍ഹെഡിലുള്ള കത്തില്‍ അനധികൃത സ്വത്തിന്റെ വിശദാംശങ്ങല്‍ നല്‍കിയിട്ടുണ്ട്. പ്രതികരണവേദിയുടെ ഭാരവാഹികളുടെ പേരില്ലാതെയായിരുന്നു കത്ത്. ഫെബ്രുവരി അഞ്ചിന് തന്നെ ഈ കത്തിന്മേല്‍ രഹസ്യാന്വേഷണം നടത്താന! വിജിലന്‍സ് കോടതി, വിജിലന്‍സിന്റെ കൊച്ചി റേഞ്ച് എസ്.പി നിശാന്തിനിക്ക് രേഖാമൂലം ഉത്തരവ് നല്‍കി. എന്നാല്‍ അഞ്ച് മാസത്തോളം എസ്.പി നിശാന്തിനി ഒരു നടപടിയും സ്വീകരിക്കാതെ ഫയല്‍പൂഴ്ത്തി.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റപ്പോഴാണ് ഈ ഫയല്‍ വീണ്ടും പൊങ്ങിയത്. നടപടി സ്വീകരിക്കാതെ കെട്ടിക്കിടക്കുന്ന കേസുകളെകുറിച്ച് ജേക്കബ് തോമസ് ഇന്റേണല്‍ ഓഡിറ്റ് നടത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. ബാബുവിനെതിരെ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ പ്രാഥമിക പരിശോധന നടത്താന്‍ കൊച്ചി സ്‌പെഷ്യല്‍ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ പ്രാഥമിക അന്വേഷണമാണ് ബാബുവിനും രണ്ട് ബിനാമികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥിതിയിലെത്തിയത്.
പ്രതികരണ വേദിയുടെ കത്തിന് പുറമേ ബാബുവിന്റെ അനധികൃത സ്വത്ത് ചൂണ്ടിക്കാട്ടി അഞ്ച് കത്തുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും ലഭിച്ചിരുന്നു. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലുള്ള കത്തും ഇതിലുള്‍പ്പെടും. ഒരു കത്തിലും പരാതിക്കാരന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല. ജീവന് ഭീഷണി ഉള്ളതിനാല്‍ പേര് വെളിപ്പെടുത്തില്ലെന്നായിരുന്നു എല്ലാ കത്തുകളിലും പറഞ്ഞിരുന്നത്. നേരത്തെ ബാബുവിനെതിര ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന് കാട്ടി കേസ് അവസാനിപ്പിച്ചതും എസ്.പി നിശാന്തിനി തന്നെയായിരുന്നു. കോടതി ഉത്തരവ് പൂഴ്ത്തി വെച്ച നിശാന്തിനിയുടെ നടപടി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടികല്‍ സ്വീകരിക്കുമെന്നും വിജിലന്‍സ് വൃത്തങ്ങല്‍ അറിയിച്ചു.