കിവീകളെ തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍

31-03-2016
New-Zealand-vs-England-Live-Telecast
കിവീകളെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കടന്നു. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് ടിം 44 പന്തില്‍നിന്ന് 78 റണ്‍സ് അടിച്ചുകൂട്ടിയ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഫൈനലിലേക്കു കടന്നത്്. 11 ബൗണ്ടറികളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു റോയിയുടെ ഇന്നിംഗ്‌സ്. കൂടാതെ, അലക്‌സ് ഹെയ്ല്‍സിനൊപ്പം 82 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിക്കാനും റോയിക്കായി. ഇരുവരും പുറത്തായശേഷം എത്തിയ നായകന്‍ ഇയോയിന്‍ മോര്‍ഗന്‍ അക്കൗണ്ട്് തുറക്കുംമുമ്പ് പുറത്തായെങ്കിലും ജോ റൂട്ടും (27*) ജോസ് ബട്‌ലറും (32*) ചേര്‍ന്ന് 17 പന്ത് ബാക്കിനില്‍ക്കെ വിജയത്തിലെത്തിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനായി ഇഷ് സോധി രണ്ടു വിക്കറ്റും സാന്റ്‌നര്‍ ഒരു വിക്കറ്റും നേടി.
ആദ്യം ബാറ്റു ചെയ്ത കിവീസിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മുന്‍നിര തകര്‍ത്തടിച്ചെങ്കിലും മധ്യനിര തകര്‍ന്നതാണ് കിവീസിന് തിരിച്ചടിയായത്. 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ബെന്‍ സ്റ്റോക്‌സാണ് കിവീസിനെ തകര്‍ത്തത്.
സ്‌കോര്‍ 17ല്‍ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റിലി (15) നെ നഷ്ടമായെങ്കിലും തുടര്‍ന്ന് ഒന്നിച്ച നായകന്‍ കെയ്ന്‍ വില്ല്യംസണും കോളിന്‍ മണ്‍റോയും ചേര്‍ന്ന് കിവീസ് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 8.1 ഓവറില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വില്ല്യംസണ്‍ 32 റണ്‍സും മണ്‍റോ 46 റണ്‍സും നേടി. തുടര്‍ന്നെത്തിയവരില്‍ കോറി ആന്‍ഡേഴ്‌സണു (28) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത്. 134ന് മൂന്നു വിക്കറ്റ് എന്ന നിലയില്‍നിന്ന് എട്ടു വിക്കറ്റിന് 153 റണ്‍സ് എന്ന നിലയിലേക്ക് കിവീസ് തകരുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്റ്റോക്‌സിനു പുറമേ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, ലിയാം പ്ലങ്കറ്റ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സൂപ്പര്‍ ടെന്‍ റൗണ്്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ന്യൂസിലന്‍ഡ് സെമിയില്‍ ഇടംപിടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ട്വന്റി-20യില്‍ മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ടിനാണ് ജയത്തില്‍ ഭൂരിപക്ഷം. 12 തവണയാണ് കിവികളും ഇംഗ്ലീഷുകാരും നേര്‍ക്കുനേര്‍ വന്നത്. എട്ടിലും ജയം ഇംഗ്ലണ്ടിനൊപ്പംനിന്നു. ന്യൂസിലന്‍ഡ് ഏറ്റവമുധികം തോല്‍വിയേറ്റു വാങ്ങിയതും ഇംഗ്ലണ്ടിനോടു തന്നെയാണ്.