കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ ഇടിച്ച ആംബർ എൽ എന്ന കപ്പിലിനെതിരേ മുന്പും പരാതിയുണ്ടായിരുന്നതായി കോസ്റ്റൽ പോലീസിനു വിവരം ലഭിച്ചു

09:34 am 12/6/2017

കൊച്ചി: കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ ഇടിച്ച ആംബർ എൽ എന്ന കപ്പിലിനെതിരേ മുന്പും പരാതിയുണ്ടായിരുന്നതായി കോസ്റ്റൽ പോലീസിനു വിവരം ലഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഫെബ്രുവരിയിൽ യുഎസിലെ പോർട്ട്ലാന്‍റിൽ ദിവസങ്ങളോളം കപ്പൽ തടഞ്ഞുവച്ചിരുന്നതായാണ് വിവരം. കപ്പലിന്‍റെ പ്രവർത്തനം സംബന്ധിച്ച സുപ്രധാന രേഖകൾ പോലീസിന്‍റെയും കോസ്റ്റ് ഗാർഡിന്‍റെയും സംയുക്ത പരിശോധനയിലൂടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫോർട്ട്കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ ഞായാറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പൽ ഇടിച്ചത്. തോപ്പുംപടി ഹാർബറിൽനിന്നു വെള്ളിയാഴ്ച പുറപ്പെട്ട കാർമൽമാത ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ടു പേർ മരിച്ചു, ഒരാളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.