കെ.എച്ച്.എന്‍.എ ഫിലഡല്‍ഫിയയില്‍ ശുഭാരംഭം നടത്തി

09;19 am 12/11/2016

സതീശന്‍ നായര്‍
Newsimg1_42691813 (1)
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ ഫിലാഡല്‍ഫിയ ശുഭാരംഭം വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഹെറിറ്റേജ് സെന്ററില്‍ വച്ചു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം മുരളീ കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആമുഖ പ്രസംഗം നടത്തിയ പ്രസിഡന്റ്, സങ്കുചിതമായ ജാതി വ്യവസ്ഥകള്‍ക്കും പ്രാദേശിക താത്പര്യങ്ങള്‍ക്കും ഉപരിയായി വടക്കേ അമേരിക്കയിലെ ഭൂരിഭാഗം ഹിന്ദു കുടുംബങ്ങളും പങ്കെടുക്കുന്ന സമ്മേളനം സനാതനമായ ഹൈന്ദവ സംസ്കാരത്തിന്റെ ബഹുസ്വരതയുടേയും മാനവീകതയുടേയും മഹത്വം ഉയര്‍ത്തിക്കാട്ടുന്ന അനേകം സര്‍ഗ്ഗവേദികളുടെ സമന്വയമായിരിക്കുമെന്നു പ്രത്യേകം എടുത്തുപറഞ്ഞു.

സ്ഥാപനവത്കരിക്കപ്പെട്ട ചില സംഘടിത മതവിഭാഗങ്ങളും, വിദേശികള്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന ചില തീവ്രവാദി സംഘടനകളും കേരളത്തിലും പുറത്തും നടത്തുന്ന മൗലീകവാദ പ്രവര്‍ത്തനങ്ങളെ അഭിമുഖീകരിക്കുവാന്‍ മലയാളിയെ സജ്ജമാക്കുന്ന സാംസ്കാരിക സംവാദങ്ങളും, ബൗദ്ധിക ചര്‍ച്ചകളും, തനത് കലാരൂപങ്ങളുടേയും, ചലച്ചിത്ര പ്രതിഭകളുടേയും വിശാലമായ കൂടിച്ചേരലുകളും നടക്കുന്ന സംഗമത്തില്‍ അഞ്ഞൂറില്‍പ്പരം കുടുംബങ്ങളെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ എല്ലാ മലയാളി കൂട്ടായ്മകള്‍ക്കും ശക്തമായ സാന്നിധ്യമുള്ള ഫിലാഡല്‍ഫിയയില്‍, സംഗമത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ട്രസ്റ്റി ബോര്‍ഡ് അംഗവും മുന്‍ സെക്രട്ടറിയുമായ സുധാ കര്‍ത്താ അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തില്‍ വ്യക്തമാക്കി. ഭാരതത്തിന്റെ ആദ്ധ്യാത്മിക അന്തസത്ത ഏകാത്മകതാ ദര്‍ശനമാണെന്നും ലോക സംസ്കാരങ്ങളുടെ വിഹാരരംഗമായ അമേരിക്കയില്‍ അതിനേറെ പ്രസക്തിയുണ്ടെന്നും ഡയറക്ടര്‍ബോര്‍ഡ് അംഗം സനല്‍ ഗോപി തന്റെ ആശംസാ പ്രസംഗത്തില്‍ അനുസ്മരിച്ചു.

സംഘടനയുടെ സീനിയര്‍ അംഗവും, മുന്‍ ട്രഷററുമായിരുന്ന വിശ്വനാഥ പിള്ളയും, ലക്ഷ്മി പിള്ളയും ചേര്‍ന്നു നല്‍കിയ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് പ്രസിഡന്റ് ശുഭാരംഭത്തിനു തുടക്കംകുറിച്ചു. പി.കെ. സോമരാജന്‍, സുരേഷ് നായര്‍, രാജപ്പന്‍ നായര്‍, അനില്‍കുമാര്‍ കുറുപ്പ്, ഗിരീഷ് കര്‍ത്താ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. റീജണല്‍ കോര്‍ഡിനേറ്റര്‍ രഘുനാഥന്‍ നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണി­ത്.