ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയ സംഭവത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

9:18 am 12/11/2016
download (1)

ന്യൂഡല്‍ഹി: സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മന്ത്രി ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയ സംഭവത്തില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. ഇതുസംബന്ധിച്ച വിവാദം പാര്‍ട്ടിയുടെയും സര്‍ക്കാറിന്‍െറയും പ്രതിച്ഛായ കെടുത്തിയെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന അവയ്ലബ്ള്‍ പോളിറ്റ് ബ്യൂറോ വിലയിരുത്തി. ഇക്കാര്യത്തില്‍ ഉചിതമായ തിരുത്തല്‍ നടപടി അനിവാര്യമാണെന്ന് വിലയിരുത്തിയ യോഗം വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നിര്‍ദേശിച്ചതായാണ് വിവരം. വിവാദം എത്രയും വേഗത്തില്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാട്.
നടപടികള്‍ വൈകുന്തോറും വിവാദം പാര്‍ട്ടിക്കും സര്‍ക്കാറിനും ഏല്‍പിക്കുന്ന ക്ഷീണത്തിന്‍െറ തോത് കൂടുക മാത്രമേയുള്ളൂവെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ ഉണര്‍ത്തി. എന്നാല്‍, നിയമനങ്ങള്‍ റദ്ദാക്കുന്നതിനപ്പുറം വിവാദത്തില്‍ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന ഇ.പി. ജയരാജനെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നിര്‍ദേശിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് കേന്ദ്ര നേതൃത്വം വ്യക്തമായ മറുപടി നല്‍കിയില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ച് സംസ്ഥാന തലത്തില്‍ ചര്‍ച്ചചെയ്ത് ഉചിതമായ നടപടിയുണ്ടാകുമെന്ന് മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടി അണികളില്‍നിന്നും പ്രാദേശിക നേതൃത്വത്തില്‍നിന്നും ഒറ്റപ്പെട്ട ഇ.പി. ജയരാജന്‍ അടക്കമുള്ളവര്‍ക്ക് കേന്ദ്ര നേതൃത്വത്തിന്‍െറ നിര്‍ദേശം മറ്റൊരു പ്രഹരമായി.