കെ.എച്ച്.എന്‍.എ മിഡ്‌വെസ്റ്റ് മേഖല ഹിന്ദു സംഗമം ഒക്‌ടോബറില്‍ ചിക്കാഗോയില്‍

08:20am 17/4/2016

ജോയിച്ചന്‍ പുതുക്കുളം
KHNA_pic
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് മേഖലാ ഹിന്ദു സംഗമം 2016 ഒക്‌ടോബര്‍ മാസം ചിക്കാഗോയില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. ഇല്ലിനോയി, ഇന്ത്യാന, അയോവ, മിസോറി, മിനസോട്ട, വിസ്‌കോന്‍സില്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ് മിഡ്‌വെസ്റ്റ് മേഖല.

കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ കൂടിയ മിഡ്‌വെസ്റ്റ് മേഖലാ യോഗത്തില്‍ മേഖലയിലെ വിവിധ ഹിന്ദുപ സംഘടനകളുടെ പ്രതിനിധികളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

ഹിന്ദു സംഗമത്തിന്റെ നടത്തിപ്പിനായി പ്രസന്നന്‍പിള്ള ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു. അനൂപ് രവീന്ദ്രനാഥ് (കലാക്ഷേത്ര), സുരേഷ് സുകുമാരന്‍ (എസ്.എന്‍.ഡി.പി), വാസുദേവന്‍ പിള്ള (നായര്‍ അസോസിയേഷന്‍), ദീപക് നായര്‍ (ഓംകാരം ചിക്കാഗോ), ബൈജു മേനോന്‍ (ഗീതാമണ്ഡലം), രാജ് ഉണ്ണി (സെന്റ് ലൂയീസ്), ഡോ. നിഷാന്ത് പിള്ള (മില്‍വാക്കി) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍.

മിഡ്‌വെസ്റ്റ് മേഖലയിലുള്ള ഹൈന്ദവ സംഘടനകള്‍ക്ക് പരസ്പരം അറിയുവാനും ആശയവിനിമയം നടത്തുന്നതിനുമുള്ള വേദിയായിരിക്കും ഈ ഹൈന്ദവസംഗമം. മിഡ്‌വെസ്റ്റ് മേഖലയിലുള്ള എല്ലാ ഹൈന്ദവ കുടുംബങ്ങളേയും സംഘടാകര്‍ സംഗമത്തിലേക്ക് സ്വാഗതം ചെയ്തു. സംഗമത്തിന്റെ വേദിയും തീയതിയും പിന്നീട് തീരുമാനിക്കുന്നതാണ്.

എം.എന്‍.സി നായര്‍, അനൂപ് രവീന്ദ്രനാഥ്, ബിജു കൃഷ്ണന്‍, ദീപക് നായര്‍, ഡോ. സുനിതാ നായര്‍, നാരായണന്‍ കുട്ടപ്പന്‍, രാധാകൃഷ്ണന്‍ നായര്‍, വാസുദേവന്‍ പിള്ള, ആനന്ദ് പ്രഭാകര്‍ തുടങ്ങിയവര്‍ ഹിന്ദു സംഗമത്തിന് പരിപൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്ത് സംസാരിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം അരവിന്ദ് പിള്ള യോഗനടപടികള്‍ നിയന്ത്രിച്ചു. സതീശന്‍ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.