കെ.സി.എഫ് ന്യൂജേഴ്‌സിയുടെ ഫാമിലി നൈറ്റിനോടനുബന്ധിച്ച് കേരളാ സാനിട്ടേഷന്‍ സംരംഭത്തിന് തുടക്കംകുറിച്ചു

03:12pm 13/4/2016

ജോയിച്ചന്‍ പുതുക്കുളം
KCF_sanitation_pic1
ന്യൂജേഴ്‌സി: കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ ഫാമിലി നൈറ്റിനോടനുബന്ധിച്ച് കേരളാ സാനിട്ടേഷന്‍ സംരംഭത്തിന് തുടക്കംകുറിച്ചു. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റേയും, എല്ലാ മലയാളി സംഘടനകളുടേയും ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ശ്രീ മാധവന്‍ നായരില്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കേരളാ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍, സെക്രട്ടറി ദേവസി പാലാട്ടി, ട്രഷറര്‍ ആന്‍ഡ് പേട്രന്‍ ടി.എസ് ചാക്കോ, കോര്‍ഡിനേറ്റര്‍ ഡോ. ജോജി ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജെംസണ്‍ കുര്യാക്കോസിന്റെ പ്രാര്‍ത്ഥനാഗാനത്തിനുശേഷം സെക്രട്ടറി ദേവസി പാലാട്ടി നാളിതുവരെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്വാഗത പ്രസംഗത്തില്‍ പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍ വിശിഷ്ടാതിഥികളെ സദസിന് പരിചയപ്പെടുത്തി.

കേരളത്തിലെ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലുമുള്ള സാനിട്ടേഷന്റെ പരിമിതികളെക്കുറിച്ചും, പ്രാവാസികളായ നമുക്ക് അതിനായി എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

ഈ സംരംഭത്തിന് മുന്‍കൈ എടുത്ത ഡോ. ജോജി ചെറിയാനെ കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കേരളാ സാനിട്ടേഷന്‍ ഇനിഷ്യേറ്റീവിന്റെ കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ട് സദസിന് പരിചയപ്പെടുത്തി. തുടര്‍ന്ന് ഡോ. ജോജി ചെറിയാന്‍ കേരള സാനിട്ടേഷന്‍ ഇനിഷ്യേറ്റീവ് എന്താണെന്നു വളരെ വിശദമായി സംസാരിച്ചു.

സുരക്ഷിതമല്ലാത്തതും ശുചിത്വമില്ലാത്തതുമായ ടോയ്‌ലെറ്റുകള്‍ മൂലം സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകുന്ന കിഡ്‌നി സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റിയും ശാസ്ത്രീയമായി പ്രതിപാദിച്ചു.

അമേരിക്കയിലുള്ള എല്ലാ പ്രവാസി മലയാളികളും ഈ പദ്ധതിയില്‍ പങ്കുചേര്‍ന്ന് കേരളത്തിലെ വളരുന്ന തലമുറയ്ക്ക് അവബോധം നല്‍കാനും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായം നല്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ഈ സംരംഭത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ സലൃമഹമരൗഹൗേൃമഹളീൃൗാിഷ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് താത്പര്യപ്പെടുന്നു.

തുടര്‍ന്ന് ടി.എസ് ചാക്കോ സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് എല്ലാ മലയാളികളേയും ഒരു കുടക്കീഴില്‍ അണിനിരത്തുവാന്‍ രൂപംകൊണ്ട ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും, ഇതിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യുവതലമുറയെ ആഹ്വാനം ചെയ്തു.

തുടര്‍ന്ന് പ്രമുഖ നേതാക്കളായ പോള്‍ കറുകപ്പള്ളി, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ്, ലൈസി അലക്‌സ്, മാധവന്‍ നായര്‍, സുധാകര മേനോന്‍, ജിനു തര്യന്‍, സജിമോന്‍ ആന്റണി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അതിനുശേഷം നടന്ന കലാപരിപാടകളില്‍ നോര്‍ത്ത് അമേരിക്കയിലെ ഗായകരായ തഹ്‌സീന്‍, ശബരീനാഥ്, ജെംസണ്‍ കുര്യാക്കോസ്, അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗാനമേള സദസിനെ വിസ്മയഭരിതരാക്കി. ബിന്ദ്യാ പ്രസാദിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തങ്ങള്‍ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

ബര്‍ഗന്‍ഫീല്‍ഡ് ഗ്രാന്റ് ഇന്ത്യ റെസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്ത സ്വാദിഷ്ടമായ ഡിന്നറോടുകൂടി പരിപാടി അവസാനിച്ചു.