കേരളത്തിലെ സിറ്റികളേയും അമേരിക്കന്‍ സിറ്റികളേയും ബന്ധിപ്പിക്കുന്ന പ്രോഗ്രാമിനു മികച്ച തുടക്കം

08:38 am 13/8/2016
Newsimg1_49899943
നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന “സിസ്റ്റര്‍ സിറ്റി’ എന്ന പദ്ധതിക്ക് മികച്ച തുടക്കം. ബിസിനസ്, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം, സുരക്ഷിതത്വം തുടങ്ങിയവയ്ക്ക് പ്രധാന്യം നല്‍കുന്ന ഈ പ്രോഗ്രാമിനു തുടക്കംകുറിച്ചതിന്റെ ഭാഗമായി എറണാകുളം, കോട്ടയം, മലപ്പുറം ജില്ലയിലെ തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, വൈക്കം, താനൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്. തൃക്കാക്കര- സിലിക്കണ്‍വാലി, കോട്ടയം- ഫിലാഡല്‍ഫിയ തുടങ്ങിയ പദ്ധതികള്‍ക്ക് മികച്ച മുന്നേറ്റമായി. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രാരംഭ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ഒരു ദീര്‍ഘകാല പങ്കാളിത്തമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

സാമ്പത്തികമായി ചിലവ് ഇല്ലാതെ തന്നെ തങ്ങളുടെ നാടിനേയും സ്ഥാപനങ്ങളേയും ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ഒരു അവസരമാണ് ഇത്. ഇതിലുപരി നാടും നാട്ടുകാരുമായുള്ള ബന്ധവും പുരോഗതിയും എക്കാലവും നിലനിര്‍ത്താന്‍ ഇവര്‍ക്കു സാധിക്കും. അവരുടെ നാട്ടില്‍ നടക്കുന്ന പ്രോഗ്രാമുകളില്‍ സജീവമായി പങ്കെടുക്കാം. നാട്ടിലെ ഓണം, വിഷു തുടങ്ങി മറ്റ് ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാം. അമേരിക്കയിലെ സുഹൃത്തുക്കളെ തങ്ങളുടെ നാടിന്റെ സാംസ്കാരികതയെ ഉയര്‍ത്തിക്കാട്ടാനുള്ള ഒരു സാഹചര്യംകൂടി ഇതിലൂടെ ഉണ്ടാകുന്നു. നാടിനേയും നാട്ടുകാരേയും ഒത്തിണക്കി അവരെ മെച്ചപ്പെട്ട നിലയില്‍ ഉയര്‍ത്തി മുന്നേറ്റാനും, ഈ പ്രോഗ്രാമിലൂടെ തങ്ങളുടെ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാനും എല്ലാ പ്രവാസി മലയാളികള്‍ക്കും സാധിക്കും എന്നതില്‍ സംശയമില്ല.

ഈ പദ്ധതിയുടെ തുടക്കമായി കോട്ടയം- ഫിലാഡല്‍ഫിയ സിസ്റ്റര്‍ സിറ്റി പ്രോഗ്രാമിന്റെ ചര്‍ച്ച പുരോഗതിയിലാണ്. അതുപോലെ മലപ്പുറം ജില്ലയിലെ താനൂര്‍, ഇടപ്പാള്‍ മുനിസിപ്പാലിറ്റിയും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മുന്നോട്ടുനീങ്ങുന്നു.

തങ്ങളുടെ നാടിന്റെ സുസ്ഥിരമായ വികസനവും കൂട്ടായ്മയുമാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. നാടിന്റെ പുരോഗതിക്കായി തുടക്കംകുറിച്ച ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ ഈ നമ്പരില്‍ ബന്ധപ്പെടുക: 847 562 1051, ഇമെയില്‍: shoji@naaiip.org