കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും

09 :05 am 5/11/2016

images (5)

തിരുവനന്തപുരം: ഡിസംബര്‍ ഒമ്പതുമുതല്‍ 16 വരെ നടക്കുന്ന 21ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും. 180ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തവണത്തെ സിനിമകളുടെ പ്രധാന ആശയം കുടിയേറ്റമാണ്. വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും പ്രതിനിധികള്‍ക്ക് 500 രൂപയുമാണ് ഫീസ്. ഈമാസം 25ന് രജിസ്ട്രേഷന്‍ സമാപിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ ഇളവ് അനുവദിക്കൂ. 2000-3000 പാസുകളാണ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്. മൊത്തം 13,000 പാസുകളാണ് വിതരണംചെയ്യുന്നത്. പാസുകള്‍ അവശേഷിക്കുകയാണെങ്കില്‍ 26ന് 700 രൂപ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് 26നുശേഷം ഇളവ് അനുവദിക്കില്ല. ഡിസംബര്‍ അഞ്ചിന് പ്രധാനവേദിയായ ടാഗോര്‍ തിയറ്ററില്‍ പാസുകളും ഫെസ്റ്റിവല്‍ കിറ്റും വിതരണംചെയ്യും. www.iffk.in വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

നിശാഗന്ധിയിലാണ് ഉദ്ഘാടന-സമാപന ചടങ്ങുകള്‍. ഉദ്ഘാടന ചിത്രം കാണാന്‍ ആദ്യമത്തെുന്ന 2500 പേര്‍ക്കേ അവസരമുണ്ടാകൂ. നിശാഗന്ധിയില്‍ ഇത്തവണ ഓപണ്‍ എയര്‍ തിയറ്ററാണ്. വൈകുന്നേരങ്ങളില്‍ മാത്രമേ ഇവിടെ പ്രദര്‍ശനമുണ്ടാകൂ. നിശാഗന്ധിയെ കൂടാതെ 13 തിയറ്ററുകളാണുള്ളത്. ഇത്തവണ മേളയില്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. പാസിനുള്ള അപേക്ഷാ ഫോറത്തില്‍ ഇവര്‍ക്കായി പ്രത്യേക കോളമുണ്ട്. അതോടൊപ്പം പ്രധാന തിയറ്ററുകളില്‍ ഭിന്നലിംഗക്കാര്‍ക്കുവേണ്ടി പ്രത്യേക വാഷ്റൂം ഒരുക്കാനും തീരുമാനമുണ്ട്.

സിനിമ-ടി.വി പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസ് നല്‍കും. അതതു സംഘടനകളുടെയോ അംഗീകൃത സ്ഥാപനങ്ങളുടെയോ സ്ഥിരീകരണം ലഭിച്ചശേഷം മാത്രമേ പ്രത്യേക പാസ് നല്‍കൂ. മേളക്ക് മുന്നോടിയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ടൂറിങ് ടാക്കീസ് വിവിധ സ്ഥലങ്ങളില്‍ സിനിമാ പ്രദര്‍ശനം നടത്തും. ഡിസംബര്‍ നാലിന് തിരുവനന്തപുരം ശംഖുംമുഖത്ത് ഇത് സമാപിക്കുമെന്നും കമല്‍ അറിയിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സജിതാ മഠത്തില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.