കോടികള്‍ കബളിപ്പിച്ച് മലയാളി മുങ്ങി

12:07 PM 24/09/2016
images (10)
മസ്കത്ത്: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് സ്വദേശികളില്‍നിന്നും മലയാളികളില്‍നിന്നുമായി കോടികള്‍ വാങ്ങി മലയാളി ബിസിനസുകാരന്‍ മുങ്ങി. എറണാകുളം കൊച്ചി സ്വദേശി ഖാസിം ഇസ്മായില്‍ ശൈഖിനെയാണ് ഒരു മാസം മുമ്പ് കാണാതായത്. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈവശമാണുള്ളത്. അതിനാല്‍, ഇയാള്‍ ഒമാനില്‍നിന്ന് പുറത്തുകടന്നിട്ടുണ്ടോയെന്നത് വ്യക്തമല്ല.
നാട്ടില്‍ എത്തിയിട്ടുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷിച്ചുവരുകയാണെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. നിക്ഷേപക വിസയിലുണ്ടായിരുന്ന ഖാസിം ഇസ്മായില്‍ ഹമരിയയില്‍ എ.സി പ്രോജക്ട് സ്ഥാപനം നടത്തിവരുകയായിരുന്നു. എ.സി നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനായി പലയിടങ്ങളില്‍നിന്നും അഡ്വാന്‍സ് കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ജോലികള്‍ പകുതി മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. ജോലി ഒട്ടും ആരംഭിക്കാത്ത സ്ഥലങ്ങളുമുണ്ട്. ഏകദേശം ഒന്നര ലക്ഷം റിയാലോളം ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുമെന്ന് സ്പോണ്‍സറുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ഇയാളുടെ സ്ഥാപനം പുതിയ ബ്രാന്‍ഡ് എ.സി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് ധാരാളം ഓര്‍ഡറുകള്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തത്. വാദി കബീറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയില്‍നിന്ന് അമ്പതിനായിരം റിയാലാണ് ഈ പേരില്‍ ഇയാള്‍ വാങ്ങിയത്. ഇതില്‍ മുപ്പതിനായിരം റിയാലോളം ഇനിയും നല്‍കാനുണ്ട്.
രണ്ടു വര്‍ഷത്തോളം ഒരുമിച്ച് ജോലിചെയ്തതിന്‍െറ വിശ്വാസത്തിലാണ് പണം നല്‍കിയതെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പണം നല്‍കിയത്. എന്നാല്‍, ഖാസിമിന്‍െറ ഇടപാടുകളില്‍ സംശയം തോന്നി കഴിഞ്ഞ ഒക്ടോബറില്‍ പണം തിരികെ ആവശ്യപ്പെട്ടു.
ഇതോടെ, 2016 ജൂണ്‍ തീയതിയില്‍ 30,000 റിയാലിന്‍െറ ചെക് നല്‍കി. 20,000 റിയാല്‍ ഇതിനിടയില്‍ തന്നുതീര്‍ക്കാമെന്നുമായിരുന്നു കരാറെന്ന് കണ്ണൂര്‍ സ്വദേശി പറഞ്ഞു. പണം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് നിര്‍ബന്ധം ചെലുത്തിയപ്പോള്‍ 20000 റിയാലിന് പകരം നാട്ടില്‍ എട്ടര സെന്‍റ് സ്ഥലം തന്‍െറ പേരില്‍ എഴുതിത്തന്നതായും ഇദ്ദേഹം പറയുന്നു. ബാക്കി തുക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 25ന് പൊലീസില്‍ പരാതി നല്‍കി.
ഇതിന്‍െറ തൊട്ടടുത്ത ദിവസം മുതലാണ് ഖാസിമിനെ കാണാതാകുന്നത്. എ.സി പ്രോജക്ടിനൊപ്പം അലങ്കാര മത്സ്യമടക്കം ബിസിനസുകളുടെ പേരിലും മലയാളികളില്‍നിന്ന് പണം വാങ്ങിയിട്ടുണ്ട്.
നിര്‍മാണ കമ്പനിയില്‍ ജോലിചെയ്യുന്ന രണ്ടുപേരില്‍നിന്ന് 5000 റിയാലാണ് ഈ പേരില്‍ വാങ്ങിയത്. കമ്പനി സ്പോണ്‍സര്‍ അടക്കമുള്ളവരുടെ കൈയില്‍നിന്നും പണം വാങ്ങിയിട്ടുണ്ട്. ഖാസിം ഉപയോഗിച്ചിരുന്ന മൂന്നു മൊബൈല്‍ഫോണ്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമാണ്. കുടുംബസമേതം മസ്കത്തിലായിരുന്നു താമസം.
ഏതാനും മാസം മുമ്പ് കുടുംബത്തെ നാട്ടില്‍ അയച്ചിരുന്നു. ഇതിനകം ആറു പരാതികള്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും പൊലീസില്‍ നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. പല പ്രോജക്ടുകള്‍ക്കും കമ്പനിയുടെ ഉറപ്പിലാണ് പണം വാങ്ങിയിരിക്കുന്നത്.
അതിനാല്‍, പണം നഷ്ടപ്പെട്ടവരും പദ്ധതികള്‍ പൂര്‍ത്തികരിക്കാന്‍ ഉള്ളവരും സ്പോണ്‍സറെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തും മറ്റും പണം കൈക്കലാക്കി മുങ്ങുന്ന സംഭവങ്ങള്‍ ഒമാനില്‍ വര്‍ധിച്ചുവരുകയാണ്. മലയാളികള്‍ ഉള്‍പ്പെട്ട നിരവധി മുങ്ങല്‍ സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.