ഏറ്റവും സുന്ദര നഗരമായി ദുബൈയ്‌ കുതിക്കുന്നു.

12:05 PM 24/ 9/2016
images (9)
ദുബൈ: ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ പ്രിയ നഗരമായി ദുബൈ കുതിപ്പ് തുടരുന്നു. ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബൈ നാലാം സ്ഥാനം കരസ്ഥമാക്കി. അതേസമയം, സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന നഗരങ്ങളില്‍ ദുബൈക്ക് ഒന്നാം സ്ഥാനമാണ്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ മാസ്റ്റര്‍ കാര്‍ഡ് ഗ്ളോബല്‍ ഡെസ്റ്റിനേഷന്‍സ് സിറ്റീസ് ഇന്‍ഡക്സിലാണ് ഈ വിവരമുള്ളത്. സഞ്ചാരികളുടെ എണ്ണത്തില്‍ ബാങ്കോക്ക്, ലണ്ടന്‍, പാരിസ് എന്നിവയാണ് പട്ടികയില്‍ ദുബൈക്ക് മുന്നിലുള്ളത്. ലോകത്തെ അതിവേഗം വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ അബൂദബിക്ക് മൂന്നാം സ്ഥാനമുണ്ട്.
മാസ്റ്റര്‍ കാര്‍ഡ് സൂചിക പ്രകാരം 2016ല്‍ ദുബൈ 15.27 ദശലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ബാങ്കോക്കില്‍ 21.47 ദശലക്ഷം സന്ദര്‍ശകരും ലണ്ടനില്‍ 19.88 ദശലക്ഷം പേരും പാരിസില്‍ 18.03 ദശലക്ഷം പേരുമത്തെും. എന്നാല്‍ സഞ്ചാരികള്‍ ചെലവഴിക്കുന്ന തുകയുടെ കാര്യത്തില്‍ ദുബൈ മറ്റ് നഗരങ്ങളെ പിന്നലാക്കി. 31.3 ബില്യണ്‍ ഡോളര്‍ സഞ്ചാരികള്‍ ദുബൈയില്‍ ചെലവഴിക്കും. മുന്‍വര്‍ഷം ഇത് 28.20 ബില്യണ്‍ ഡോളറായിരുന്നു. ലണ്ടനില്‍ 19.76 ബില്യണും ന്യൂയോര്‍ക്കില്‍ 18.52 ബില്യണും ബാങ്കോക്കില്‍ 14.84 ബില്യണും ടോക്കിയോയില്‍ 13.48 ബില്യണും ഈ വര്‍ഷം ആളുകള്‍ ചെലവിടുമെന്ന് സൂചികയില്‍ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് നഗരങ്ങള്‍ ന്യൂയോര്‍ക്ക്, സിങ്കപ്പൂര്‍, ക്വാലാലംപൂര്‍, ഇസ്തംബൂള്‍, ടോക്കിയോ, സോള്‍ എന്നിവയാണ്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ സഞ്ചാരികളുടെ എണ്ണത്തില്‍ അതിവേഗ വളര്‍ച്ചയുണ്ടായ നഗരം ജപ്പാനിലെ ഒസാകയാണ് (24.15 ശതമാനം). ചെങ്ഡു, അബൂദബി, കൊളംബോ, ടോക്കിയോ, റിയാദ്, തായ്പേയ്, സിയാന്‍, തെഹ്റാന്‍, സിയാമെന്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ചൈനയിലെ ഷാങ്ഹായിലേക്കൊഴികെ നഗരങ്ങളിലേക്കെല്ലാം ആളുകള്‍ സഞ്ചരിക്കുന്നത് വിനോദത്തിനായാണെന്ന് സൂചിക വെളിപ്പെടുത്തുന്നു. കൂടുതല്‍ ആളുകള്‍ ഷോപ്പിങ്ങിനായി പണം ചെലവഴിക്കുമ്പോള്‍ യൂറോപ്യന്‍ നഗരങ്ങളായ ആംസ്റ്റര്‍ഡാം, ബാഴ്സലോണ, ഇസ്തംബൂള്‍, മിലാന്‍, പാരിസ്, പ്രേഗ്, വിയന്ന എന്നിവിടങ്ങളില്‍ എത്തുന്നവരെ ആകര്‍ഷിക്കുന്നത് ഭക്ഷണമാണ്.