കൊഹ്‌ലിയുടെ കരിയര്‍ മാറ്റിമറിച്ച രണ്ട് സംഭവങ്ങള്‍

09:58 pm 18/9/2016

images (1)
ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയുടെ ജീവിതം മാറ്റിമറിച്ചത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒമ്പതാം വയസില്‍ ബൗണ്ടറിയില്‍ നിന്ന് നേരിട്ട് വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെറിഞ്ഞ ഒരു ത്രോയും മിഡ് വിക്കറ്റിന് മുകളിലൂടെ ഫ്ലിക്ക് ചെയ്ത് നേടിയൊരു സിക്സറും. ഈ രണ്ട് പ്രകടനങ്ങളാണ് പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയെയും സഹ പരീശിലകന്‍ സുരേഷ് ബത്രയെയും കൊഹ്‌ലിയില്‍ മതിപ്പുണ്ടാക്കിയതെന്ന് പ്രമുഖ സ്പോര്‍ട്സ് ലേഖകനായ വിജയ് ലോകപള്ളി എഴുതിയ കൊഹ്‌ലിയുടെ ആത്മകഥയായ Driven: The Virat Kohli Story യില്‍ പറയുന്നു.
രാജ്കുമാര്‍ ശര്‍മയുടെ വെസ്റ്റ് ഡല്‍ഹി കോച്ചിംഗ് ക്ലിനിക്കിലേക്ക് അച്ഛന്‍ പ്രേമിന്റെ കൈപിടിച്ചാണ് കൊഹ്‌ലി എത്തിയത്. 1998 മെയ് 30നായിരുന്നു ഇത്. ആദ്യ കാഴ്ചയില്‍ തടിച്ചുരുണ്ടിരുന്ന ഒമ്പതുവയസുകാരനില്‍ രാജ്കുമാര്‍ ശര്‍മയ്ക്ക് പ്രത്യേകിച്ച് യാതൊരു മതിപ്പും തോന്നിയില്ല. മറ്റുള്ള കുട്ടികളെപ്പോലെതന്നെ ഒരു കുട്ടിയെന്ന് മാത്രമായിരുന്നു കോച്ചിന്റെ ആദ്യ നിഗമനം. എന്നാല്‍ ഒരിക്കല്‍ പരിശീലനത്തിനിടെ ബൗണ്ടറിയില്‍ നിന്ന് നേരിട്ട് വിക്കറ്റ് കീപ്പറുടെ കൈകകളിലേക്ക് കൊഹ്‌ലി എറിഞ്ഞ ഒരു ത്രോയുടെ കൃത്യതയും വേഗവും രാജ്കുമാറില്‍ ശരിക്കും മതിപ്പുളവാക്കി. ആ ത്രോ കണ്ട് സഹപരിശീലകനായിരുന്ന വിജയ്കുമാര്‍ ബത്ര ശരിക്കും അന്തംവിട്ടുപോയി.
കുറച്ചുദിവസങ്ങള്‍ക്കുശേഷം അണ്ടര്‍ 14 സ്കൂള്‍ ക്രിക്കറ്റില്‍ സ്പ്രിംഗാഡില്‍ സ്കൂളിനായി ഇറങ്ങിയ കൊഹ്‌ലി മിഡ് വിക്കറ്രിന് മുകളിലൂടെ ഫ്ലിക്ക് ചെയ്ത് നേടി സിക്സര്‍ കണ്ട് രാജ്കുമാര്‍ ശര്‍മ പോലും അന്തംവിട്ടുപോയി. പത്തുവയസുപോലുമില്ലാത്ത ഒരു കുട്ടിയാണ് ആ ഷോട്ട് ഉതിര്‍ത്തതെന്ന് ആദ്യം വിശ്വസിക്കാനായില്ല. ആ നിമിഷം കൊഹ്‌ലിയുടെ പ്രതിഭ തങ്ങളിരുവരും തിരിച്ചറിഞ്ഞുവെന്നും രാജ്കുമാര്‍ ശര്‍മ പുസ്തകത്തില്‍ പറയുന്നു.